കണ്ടു നില്‍ക്കാന്‍ വയ്യ,മകന് ദയാവധം വേണം; സുപ്രിംകോടതിയെ സമീപിച്ച് മാതാപിതാക്കള്‍

പന്ത്രണ്ടു വര്‍ഷമായി തളര്‍ന്നു കിടക്കുന്ന മകന് ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ സുപ്രിം കോടതിയില്‍ ദയാഹര്‍ജി നല്കി. തീരുമാനം എടുക്കുന്നതിന് മുമ്പ് മാതാപിതാക്കളോട് സംസാരിക്കണമെന്ന് സുപ്രിം കോടതി പറഞ്ഞു.

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണതോടെയാണ് നോയിഡ സ്വദേശി ഹരീഷ് റാണ(32)യുടെ ശരീരം തളര്‍ന്നത്. അനങ്ങാന്‍ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണു ഭക്ഷണം നല്‍കുന്നത്. ഓക്‌സിജന്‍ ട്യൂബിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്.

ആരോഗ്യ സ്ഥിതി വിലയിരുത്തി എയിംസിലെ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം എടുക്കുന്നതിനു മുന്‍പ് ജനുവരി 13ന് മാതാപിതാക്കളുമായി സംസാരിക്കണമെന്നു ജഡ്ജിമാരായ ജെ.ബി. പര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞത്.

ഈ സമയത്തിനുള്ളില്‍ അഭിഭാഷകരും മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദമായി പഠിച്ച് അന്തിമ തീരുമാനം എടുക്കാന്‍ കോടതിയെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഹരീഷിനെ പരിശോധിക്കാന്‍ ആദ്യം നോയിഡ ജില്ലാ ആശുപത്രിയെയും പിന്നീട് എയിംസിനെയും സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. സുഖപ്പെടാനുള്ള ഒരു സാധ്യതയുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്ഥയിലാകുന്നവര്‍ക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിര്‍ത്തിയുള്ള മരണം (പാസീവ് യുത്തനേസ്യ) അനുവദിക്കാറുണ്ട്. എന്നാല്‍, ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മരുന്നും ഇന്‍ജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം (ആക്ടീവ് യുത്തനേസ്യ) ഇന്ത്യയില്‍ അനുവദിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *