ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 489 റണ്‍സ്, ഞായറാഴ്ച സ്വന്തമാക്കി ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി മുത്തുസ്വാമി

ഗോഹട്ടി: പകരക്കാരനായി ടീമിലെത്തി അസാധാരണ പ്രകടനത്തിലൂടെ സെഞ്ചുറി നേടിയ സെനുരാന്‍ മുത്തുസ്വാമിയുടെയും വാലറ്റത്ത് വമ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞ മാര്‍കോ യാന്‍സന്റെയും മികവില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ലീഡ്. 489 റണ്‍സാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കെതിരേ അടിച്ചെടുത്തത്. 109 റണ്‍സ് നേടിയ മുത്തുസ്വാമി ടോപ് സ്‌കോററായപ്പോള്‍ 93 റണ്‍സ് അടിച്ച യാന്‍സന്‍ തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് കുറിച്ചത്.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഒമ്പത് റണ്‍സെടുത്തതോടെ രണ്ടാം ദിവസത്തെ കളി അവസാനിച്ചു. യശസ്വി ജയ്‌സ്വാളും കെ എല്‍ രാഹുലുമാണ് ക്രീസിലുള്ളത്. ഓള്‍ റൗണ്ടര്‍ കോര്‍ബിന്‍ ബോഷിനു പകരക്കാരനായി രണ്ടാം ടെസ്റ്റില്‍ എത്തിയ മുത്തുസ്വാമിയുടെ ദിനമായിരുന്നു ഞായറാഴ്ച. 25 റണ്‍സ് എന്ന നിലയില്‍ ക്രീസില്‍ നിലയുറപ്പിച്ച താരം അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. ഏഴാമനായി ക്രീസിലിറങ്ങി തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് മുത്തുസ്വാമി കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *