സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്പമേള മറൈന്‍ഡ്രൈവില്‍

കൊച്ചി: ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 42-ാമത് കൊച്ചിന്‍ ഫ്‌ലവര്‍ ഷോ ഡിസംബര്‍ 24 മുതല്‍ ജനുവരി 4 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കും.ജില്ലാ കളക്ടര്‍ ജി പ്രിയങ്ക പ്രസിഡന്റ് ആയിട്ടുള്ള കൊച്ചിന്‍ ഫ്‌ലവര്‍ ഷോ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പമേളയാണ്.

50000 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് പ്രദര്‍ശനം ഒരുക്കുന്നത്.അയ്യായിരത്തിലേറെ ഓര്‍ക്കിഡുകള്‍,ആയിരത്തില്‍ അധികം അഡീനിയം,മിനി ആന്തൂറിയം,റോസ് ചെടികള്‍, ശീതോഷ്ണ കാലാവസ്ഥയില്‍ മാത്രം വളരുന്ന ഓറിയന്റല്‍ ലില്ലി,കൂടാതെ മാരിഗോള്‍ഡ്,ഡാലിയ,സീനിയ,ക്രിസാന്തിമം ഉള്‍പ്പടെയുള്ള നാല്പതിനായിരത്തോളം പൂച്ചെടികള്‍,മൂണ്‍ കാക്ടസ്,പലതരം ബ്രൊമിലിയാഡ് ചെടികള്‍ എല്ലാം പ്രദര്‍ശനത്തില്‍ ഉണ്ടാകും.

വെജിറ്റബിള്‍ കാര്‍വിങ്, പുഷ്പാലങ്കാരങ്ങള്‍,അലങ്കാര കള്ളി ചെടികള്‍ കൊണ്ട് നവീന രീതിയിലുള്ള വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍,മാതൃക പൂന്തോട്ടം,ടോപിയറി മരങ്ങള്‍, നൂതന മാതൃകയിലുള്ള ബോണ്‍സായ് ചെടികള്‍, അലങ്കാരകുളം,വെള്ളച്ചാട്ടീ,അലങ്കാര മല്‍സ്യങ്ങളുള്ള അരുവി എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമാകും.

ഉദ്യാനച്ചെടികളുടെ വിപണനത്തിനായി ബാംഗ്ലൂരില്‍ നിന്നുമുള്ള ഇന്‍ഡോ അമേരിക്കന്‍ നഴ്‌സറി ഉള്‍പ്പടെ നഴ്‌സറികളുടെ നീണ്ട നിര തന്നെയുണ്ട്.സന്ദര്‍ശകരുടെ ഉദ്യാന സംബന്ധിയായ സംശയനിവാരണത്തിനായി സംസ്ഥാന കൃഷി വകുപ്പിന്റെ ‘അഗ്രി ക്ലിനിക്’പ്രദര്‍ശന നഗരിയില്‍ ഉണ്ടാകും.സന്ദര്‍ശകര്‍ക്കായി പുഷ്പാലങ്കാരം,വെജിറ്റബിള്‍ കാര്‍വിങ്,ടെറേറിയം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി സൗജന്യ ശില്പശാലകളും ഫ്‌ലവര്‍ ഷോ ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *