കുട്ടികൾക്ക് ഡിജിറ്റൽ വിലക്ക്; 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്പെയിൻ

മാഡ്രിഡ്: കുട്ടികളുടെ സുരക്ഷ മുൻനിർത്തി 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള ചരിത്രപരമായ നീക്കവുമായി സ്പെയിൻ. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ (World Government Summit) സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ ഓസ്‌ട്രേലിയയ്ക്ക് ശേഷം ഇത്തരമൊരു നിയമം കൊണ്ടുവരുന്ന രണ്ടാമത്തെ രാജ്യമായും യൂറോപ്പിലെ ആദ്യ രാജ്യമായും സ്പെയിൻ മാറും.

വെറുതെ ഒരു ‘ടിക് ബോക്സ്’ നൽകി പ്രായം ഉറപ്പുവരുത്തുന്ന നിലവിലെ രീതിക്ക് പകരം ബയോമെട്രിക്സ് ഉൾപ്പെടെയുള്ള ഫലപ്രദമായ സാങ്കേതിക വിദ്യകൾ വഴി പ്രായം പരിശോധിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ നിർബന്ധിതരാകും. പ്ലാറ്റ്‌ഫോമുകളിൽ നിയമവിരുദ്ധമായ ഉള്ളടക്കമോ വിദ്വേഷ പ്രസംഗങ്ങളോ വന്നാൽ കമ്പനി എക്സിക്യൂട്ടീവുകളെ വ്യക്തിപരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന രീതിയിൽ നിയമം പരിഷ്കരിക്കും. ലാഭത്തിനായി വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്ന രീതിയിൽ അൽഗോരിത ങ്ങളിൽ മാറ്റം വരുത്തുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കും.

“നമ്മുടെ കുട്ടികൾ അവർക്ക് തനിയെ കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു ഇടത്തിലാണ് (ഡിജിറ്റൽ വൈൽഡ് വെസ്റ്റ്) ഇപ്പോൾ നിൽക്കുന്നത്. ലഹരി, ദുരുപയോഗം, അശ്ലീലം, കൃത്രിമം എന്നിവ നിറഞ്ഞ ഈ അവസ്ഥ ഇനിയും അംഗീകരിക്കാനാവില്ല,” എന്ന് സാഞ്ചസ് പറഞ്ഞു. എലോൺ മസ്കിന്റെ ‘X’, ടിക്ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ വീഴ്ചകളെ അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

അടുത്ത ആഴ്ച തന്നെ സ്പാനിഷ് മന്ത്രിസഭ ഈ നിയമത്തിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാൻസും ഡെൻമാർക്കും സമാനമായ നിയമങ്ങളെക്കുറിച്ച് ആലോചിക്കുന്ന പശ്ചാത്തലത്തിൽ, സ്പെയിനിന്റെ ഈ നീക്കം യൂറോപ്യൻ യൂണിയനിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന് കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *