അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി സ്പെയിൻ; വ്യോമപാതയും നിഷേധിച്ചു

മാഡ്രിഡ്: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈനിക വിമാനങ്ങൾ സ്പെയിനിന്റെ വ്യോമപാത ഉപയോഗിക്കുന്നത് നിരോധിച്ചു. ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സ്പെയിനിലെ സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് വ്യോമപാതയും നിഷേധിച്ചുകൊണ്ട് സ്പെയിൻ നിലപാട് കടുപ്പിച്ചത്. സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇറാനെതിരായ സൈനിക നടപടികൾക്കായി സ്പെയിനിലെ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ച് വ്യോമപാത ഉപയോഗിക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇറാനെതിരായ യുദ്ധം “തികച്ചും നിയമവിരുദ്ധവും അനീതിയുമാണ്” എന്നതാണ് സ്പെയിനിന്റെ ഔദ്യോഗിക നിലപാടെന്നും അവർ കൂട്ടിച്ചേർത്തു.സ്പെയിനിന്റെ ഈ തീരുമാനം പശ്ചിമേഷ്യയിലേക്കുള്ള അമേരിക്കൻ വിമാനങ്ങളുടെ ഗതാഗതത്തെ സങ്കീർണ്ണമാക്കും. സ്പെയിനിന്റെ വ്യോമപാത ഒഴിവാക്കി മറ്റ് ദൈർഘ്യമേറിയ റൂട്ടുകൾ വഴി വിമാനങ്ങൾ തിരിച്ചുവിടേണ്ടി വരുന്നത് ഇന്ധനച്ചെലവും യാത്രാസമയവും വർദ്ധിപ്പിക്കാൻ ഇടയാക്കും. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അമേരിക്കയുടെ നീക്കങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന ശക്തമായ എതിർപ്പുകൂടിയാണ് സ്പെയിനിന്റെ ഈ നടപടിയിലൂടെ വെളിവാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *