ശബരിമല സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്, സ്വര്‍ണത്തിന്റെ ഭാരം, ശുദ്ധി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. ഈ മാസം പതിനേഴിന് ഉച്ചയ്ക്കു ശേഷം സാമ്പിള്‍ ശേഖരിക്കാനാണ് പ്രത്യേകാന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് തന്ത്രി മഹോഷ് മോഹനരുടെ അഭിപ്രായം നേരത്തെ തേടിയിരുന്നതാണ്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ദ്വാരപാലക പാളികള്‍ പൂര്‍ണമായും മാറ്റിയിട്ടുണ്ടോയെന്നും ശ്രീകോവിലിലെ സ്വര്‍ണത്തിന് എത്ര ഭാരം വരും സ്വര്‍ണത്തിന്റെ ഗുണമേന്മ തുടങ്ങിയ കാര്യങ്ങളിലാണ് കൃത്യത കൈവരിക്കേണ്ടത്. ഇതിലൂടെ മാത്രമേ സ്വര്‍ണക്കൊള്ളയുടെ കൃത്യമായ ആഴം മനസിലാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ ചോദ്യം ചെയ്യലിന് താമസിയാതെ ഹാജരാകുന്നതാണ്. ഇതുവരെ അന്വേഷണ സംഘം ആവശ്യപ്പെട്ടപ്പോഴെല്ലാം ഓരോരോ കാരണം പറഞ്ഞ് പത്മകുമാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ഇനിയും ഒഴിഞ്ഞുമാറാന്‍ ആവില്ലെന്നു വ്യക്തമായതോടെയാണ് ചോദ്യം ചെയ്യലുമായി സഹകരിക്കാനുള്ള തീരുമാനം. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളിയെ ചെമ്പെന്നു രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൊടുത്തുവിട്ടതും പത്മകുമാര്‍ ദേവസ്വം പ്രസിഡന്റായിരുന്ന സമയത്താണ്. അതിനാല്‍ കേസില്‍ നിന്ന് ഊരിപ്പോരുക പത്മകുമാറിന് ഏറെ ക്ലേശകരമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *