ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകം’; മുഖ്യമന്ത്രി

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്നും പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഒരു അഭിമുഖത്തിനായി ഞങ്ങള്‍ ഒരുമിച്ചിരുന്നതും നര്‍മ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സില്‍ സ്ഥാനം ഉറപ്പിച്ചതും ഓര്‍മിക്കുന്നു.വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസന്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്.കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ചുവളര്‍ന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തില്‍ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണ് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *