കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള പാമ്പൻ മത്സ്യബന്ധന തുറമുഖത്ത് നിന്ന് കടലിൽ പോയവരാണ് അറസ്റ്റിലായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവരുടെ യന്ത്രവൽകൃത ബോട്ടും നാവികസേന കസ്റ്റഡിയിലെടുത്തു.ധനുഷ്‌കോടിക്കും തലൈമന്നാറിനും ഇടയിലുള്ള സമുദ്രഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കൻ നാവികസേനയാണ് ഇവരെ പിടികൂടിയത്. അന്താരാഷ്ട്ര സമുദ്രാതിർത്തി (IMBL) മറികടന്ന് ശ്രീലങ്കൻ ജലാതിർത്തിയിൽ പ്രവേശിച്ചു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ തൊഴിലാളികളെ തലൈമന്നാറിലെ നേവി ക്യാമ്പിലേക്ക് മാറ്റി. ഇവർക്കെതിരെ ശ്രീലങ്കൻ സമുദ്ര നിയമപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം; പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

