നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പിതാവ് റണ്‍ ഔട്ടാകുക, ഏഷ്യ കപ്പില്‍ ശ്രീലങ്കന്‍ താരം ദുനിതിന്റെ അനുഭവം

ദുബായ്: അങ്ങു ദൂരെ മറുനാട്ടിലെ സ്‌റ്റേഡിയത്തില്‍ മകന്‍ തകര്‍ത്തു കളിച്ചുകൊണ്ടിരിക്കെ നാട്ടില്‍ പിതാവ് അന്ത്യശ്വാസം വലിക്കുകയായിരുന്നു. അച്ഛന്റെ വിയോഗവാര്‍ത്ത മകന്‍ അറിയുന്നതു കളിതീര്‍ന്ന് വിജയാഹ്ലാദം നടക്കുമ്പോള്‍. ആഘോഷം പെട്ടെന്നു വിലാപത്തിനു വഴിമാറി. ഇത് ഏഷ്യ കപ്പ് മത്സരത്തിനിടെ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ദുനിത് വെല്ലാലഗെയുടെ അനുഭവം. അഫ്ഗാനിസ്ഥാനെതിരായ വ്യാഴാഴ്ചത്തെ ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ദുനിതിന്റെ ബോളിങ് കൂടിയായിരുന്നു. ഈ മത്സരത്തില്‍ ശ്രീലങ്ക ആറു വിക്കറ്റിനു വിജയിച്ച് സൂപ്പര്‍ ഫോറിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിജയാഘോഷം ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കെയാണ് ടീമിന്റെ പരിശീലകനായ സനത് ജയസൂര്യ നേരിട്ടു ചെന്ന് ദുനിതിനെ പിതാവ് സുരംഗ വെല്ലാലഗെയുടെ മരണവിവരം അറിയിക്കുന്നത്. കേട്ടതും ദുനിത് പൊട്ടിക്കരഞ്ഞു പോയി. കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാനല്ലാതെ മറ്റൊന്നിനും ജയസൂര്യയ്ക്കു കഴിയുമായിരുന്നില്ല.
ദുനിത് വിങ്ങിപ്പൊട്ടി കരയുകയും ജയസൂര്യ ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നവരും ഒപ്പം വിങ്ങിപ്പോകുന്നു. കമന്ററി ബോക്‌സില്‍ അതുവരെ കളി പറഞ്ഞുകൊണ്ടിരുന്ന ശ്രീലങ്കയുടെ മുന്‍ താരം റസല്‍ അര്‍നോള്‍ഡ് അതേ കമന്ററി ബോക്‌സിലിരുന്നു തന്നെ ഈ ദുഖവാര്‍ത്തയും ലോകത്തെ അറിയിച്ചു. ദുനിതിന്റെ പിതാവ് സുരംഗയും ക്രിക്കറ്റ് കളിക്കാരന്‍ തന്നെയായിരുന്നു. കോളജ് ടീമിലും മറ്റും സ്ഥിരമായി കളിച്ചിരുന്നയാളുമാണ്. ഇക്കാര്യവും ലോകത്തോടു പറഞ്ഞത് റസല്‍ അര്‍നോള്‍ഡ് തന്നെ.