എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്ന് കഥയുടെ രാജകുമാരന്‍ ശ്രീനിവാസന്‍ എന്നെന്നേക്കുമായി യാത്രയായി

കൊച്ചി: അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമ പ്രേക്ഷകരുടെ ഭാവുകത്വവും മാറ്റിയെഴുതിയ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകളും വേറിട്ടുനിന്നു.വൈകാരിക നിമിഷങ്ങള്‍ക്കാണ് ശ്രീനിവാസന്റെ കണ്ടനാട്ടെ വീട് സാക്ഷ്യം വഹിച്ചത്. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് പിതാവിനെ ധ്യാന്‍ ശ്രീനിവാസന്‍ യാത്രയാക്കിയപ്പോള്‍ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സത്യന്‍ അന്തിക്കാട് കടലാസും പേനയും ചിതയില്‍ വെച്ചാണ് വിട പറഞ്ഞത്.

അന്ത്യസമ്മാനമായി ശ്രീനിവാസന് ഇതിലും മനോഹരമായത് മറ്റെന്ത് നല്‍കാന്‍. ശ്രീനിവാസന്‍ ഉപയോഗിച്ച പേനകൊണ്ട് സത്യന്‍ അന്തിക്കാട് എഴുതി.. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ. മകന്‍ ധ്യാനിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. ആ കടലാസും പേനയും മകന്‍ ധ്യാനാണ് സത്യന്‍ അന്തിക്കാടിന് കൈമാറിയതും ചിതയില്‍ വെക്കാന്‍ ആവശ്യപ്പെട്ടതും. ധ്യാനിന്റെ ആവശ്യപ്രകാരം ശ്രീനിവാസന്റെ ഭൗതികശരീരത്തിന് മുകളില്‍ കടലാസും പേനും വെച്ച സത്യന്‍ അന്തിക്കാട്, പൂക്കള്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ചു. അഗ്നിപകരുന്നതിന് മുമ്പാണ് ശ്രീനിവാസന്റെ ഭൗതികശരീരത്തിന് അരികിലേക്ക് ധ്യാന്‍ എത്തിയത്. തുടര്‍ന്ന് ഭൗതികശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ധ്യാന്‍ മുഷ്ടി ചുരുട്ടി പിതാവിന് അഭിവാദ്യം നല്‍കി.

പൊതുദര്‍ശനത്തിന് ശേഷം രാവിലെ പത്ത് മണിയോടെ വീടിന്റെ പൂമുഖത്തെത്തിച്ച ഭൗതികശരീരത്തില്‍ പ്രാര്‍ഥനകളടക്കം ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചിതയിലേക്ക് എടുക്കുകയും അവിടെവെച്ച് ഭാര്യ വിമലയും മക്കളും മരുമക്കളും ബന്ധുക്കളും അന്ത്യചുംബനം നല്‍കി. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേരള പൊലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയ ശേഷം വിനീത് ചിതക്ക് അഗ്നി പകര്‍ന്നു. ചിതയ്ക്കരികില്‍നിന്ന് പൊട്ടിക്കരയുന്ന കൊച്ചുമകന്റെ ദൃശ്യം പ്രിയപ്പെട്ടവര്‍ക്ക് നോവായി. വിങ്ങിപ്പൊട്ടിയ ധ്യാനിനെ സത്യന്‍ അന്തിക്കാട് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. സന്തത സഹചാരിയായ ഡ്രൈവര്‍ ഷിനോജും,സുഹൃത്ത് മനു ഫിലിപ്പ് തുകലനും വേര്‍പാട് താങ്ങാനാകാതെ വിങ്ങിപ്പൊട്ടി. തെന്നിന്ത്യന്‍ താരം സൂര്യ രാവിലെ കണ്ടനാട്ടെ വസതിയിലെത്തി. ശ്രീനിവാസന്റെ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു. പൃഥ്വിരാജ്, പാര്‍ഥിപന്‍, മുകേഷ്, ഇന്ദ്രന്‍സ്, പാര്‍വതി തുടങ്ങിയവര്‍ കഥയുടെ രാജകുമാരന് വിടചൊല്ലി.

സാംസ്‌കാരിക-രാഷ്ട്രീയമേഖലയിലെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. ജനകീയ സിനിമകളാണ് ശ്രീനിവാസന്റേത്. എന്നും സാധാരണക്കാരന്റെ ജീവിതം ലളിതമായ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു. സാധാണക്കാരുടെ പ്രിയപ്പെട്ട സിനിമകള്‍ എഴുതാന്‍ ഒരു തിരക്കഥാകൃത്തിന് അപാരമായ കഴിവ് വേണം. ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരന്റെ ആ കഴിവാണ് ഓരോ സിനിമയിലും അംഗീകരിക്കപ്പെട്ടത്.

മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ച നടനും സാധാരണക്കാരുടെ ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ നര്‍മത്തിന്റെ വ്യത്യസ്ത ഭാവങ്ങളിലൂടെ വരച്ചിട്ട എഴുത്തുകാരനുമായിരുന്നു ശ്രീനിവാസന്‍. അപകര്‍ഷതാ ബോധത്തില്‍ ജീവിതം ഉലഞ്ഞുപോയ തളത്തില്‍ ദിനേശനും തൊഴിലില്ലായ്മക്കും പങ്കപ്പാടുകള്‍ക്കും ഇടയില്‍ നീറി ജീവിച്ച ദാസനും വിജയനും മുഖ്യധാര രാഷ്ട്രീയക്കാരുടെ കാപട്യം തുറന്നുകാട്ടിയ കോട്ടപ്പള്ളി പ്രഭാകരനും ചിരിച്ചും ചിന്തിപ്പിച്ചും ഇപ്പോഴും മലയാളിക്കൊപ്പം നടക്കുന്ന ശ്രീനിവാസന്‍ കഥാപാത്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *