ആക്ഷേപഹാസ്യത്തിന്റെ സാധ്യതകള്‍ സൂക്ഷ്മമായിത്തന്നെ ഉപയോഗിച്ച ശ്രീനിവാസന്റെ ആദ്യകാല സിനിമകള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നിസഹായതകളും സങ്കടങ്ങളും മിഴിവോടെ ആവിഷ്‌കരിച്ച ഒന്നായിരുന്നു. സത്യന്‍ അന്തിക്കാടിനൊപ്പം അദ്ദേഹം ചെയ്ത വരവേല്‍പ് അടക്കമുള്ള സിനിമകള്‍ മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും ജീവിതവും പറയുന്നവയാണ്.
ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1991 ല്‍ പുറത്തിറങ്ങിയ ‘സന്ദേശ’ത്തിന്റെ രാഷ്ട്രീയവും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.
1956 ഏപ്രില്‍ 4ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളജില്‍ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് ചലച്ചിത്ര അഭിനയത്തില്‍ പരിശീലനവും നേടിയ അദ്ദേഹം 1977ല്‍ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂപ്പര്‍ താരം രജനികാന്ത് സഹപാഠിയായിരുന്നു.
ബക്കറുടേയും അരവിന്ദന്റെയും കെ.ജി. ജോര്‍ജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. പഞ്ചവടിപ്പാലം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്ത അദ്ദേഹം തിരക്കഥാരചനയിലേക്കും കടന്നു.’പൂച്ചയ്‌ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ. പ്രിയദര്‍ശനുമായി ചേര്‍ന്ന് ഒരുക്കിയ ഹാസ്യചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു.
സന്മസുളളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത,ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം,ഉദയനാണ് താരം,മഴയെത്തും മുമ്പേ,അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ് , അയാള്‍ കഥയെഴുതുകയാണ്,കഥ പറയുമ്പോള്‍ ,ഞാന്‍ പ്രകാശന്‍ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി.സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍, 2018 ഡിസംബറില്‍ പുറത്തിറങ്ങിയ ‘ഞാന്‍ പ്രകാശന്‍’ആണ് ശ്രീനിവാസന്‍ ഏറ്റവും ഒടുവില്‍ തിരകഥ എഴുതിയ ചിത്രം.
കണ്ണൂര്‍ കൂത്തുപറമ്പിന് അടുത്ത് പാട്യം എന്ന ഗ്രാമത്തിലാണ് ശ്രീനിവാസന്‍ ജനിച്ചത.അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി ഒരു സ്‌കൂള്‍ അധ്യാപകനായിരുന്നു. മാതാവ് ലക്ഷ്മി ഒരു സാധാരണ വീട്ടമ്മയായിരുന്നു. രണ്ട് സഹോദരന്‍മാരും ഒരു സഹോദരിയും കൂടി ഉള്‍പ്പെടുന്ന കുടുംബത്തില്‍ നിന്നും ശ്രീനി സിനിമയുടെ മായാ ലോകത്തേക്ക് എത്തിയത് എളുപ്പത്തില്‍ ആയിരുന്നില്ല.കതിരൂര്‍ ഗവ. സ്‌കൂളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യഭ്യാസം. പിന്നീട് ശ്രീനിവാസന് തന്റെ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ പൂര്‍ത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തില്‍ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു.
തുടര്‍ന്ന് 1977 ല്‍ അദ്ദേഹം മദ്രാസിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു.അവിടെ സൂപ്പര്‍താരം രജനീകാന്ത് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.സിനിമയിലെ തുടക്കം1976ല്‍ പ്രമുഖ സംവിധായകന്‍ പിഎ ബക്കര്‍ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന് അഭിനയപാഠങ്ങള്‍ പഠിപ്പിച്ച എ പ്രഭാകരന്‍ പിന്നീട് ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൊടുക്കുകയും ചെയ്തു. മമ്മൂട്ടി, ത്യാഗരാജന്‍ എന്നിവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ശ്രീനിവാസന്‍ ശബ്ദം നല്‍കിയിരുന്നു എന്നതും കൗതുകകരമായ കാര്യമാണ്.
1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതി തുടങ്ങിയ കരിയറില്‍ പിന്നീട് എണ്ണംപറഞ്ഞ ഒട്ടേറെ ഹിറ്റുകള്‍ക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു. അയാള്‍ കഥയെഴുതുകയാണ് (1998) തിരക്കഥ, അഴകിയ രാവണന്‍ (1996) കഥ/തിരക്കഥ, മഴയെത്തും മുന്‍പെ (1995) കഥ/തിരക്കഥ, സന്ദേശം (1991) കഥ/തിരക്കഥ, അക്കരെ അക്കരെ അക്കരെ (1990) കഥ/തിരക്കഥ, തലയണമന്ത്രം (1990) കഥ/തിരക്കഥ, വടക്കുനോക്കിയന്ത്രം (1989) (സംവിധാനം), വരവേല്‍പ്പ് (1989) കഥ/തിരക്കഥ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങള്‍ ശ്രീനിയുടെ തൂലികയില്‍ വിരിഞ്ഞതായി ഒട്ടേറെയുണ്ട്.കൂടാതെ കരിയറിന്റെ ആദ്യസമയത്ത് ചിത്രം (1988) കഥ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988)കഥ/തിരക്കഥ, പട്ടണപ്രവേശം (1988) കഥ/തിരക്കഥ, വെള്ളാനകളുടെ നാട് (1988)കഥ/തിരക്കഥ, നാടോടിക്കാറ്റ് (1987) കഥ/തിരക്കഥ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് (1986) കഥ/തിരക്കഥ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം (1986) കഥ/തിരക്കഥ, ടിപി ബാലഗോപാലന്‍ എംഎ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിലെ ഹിറ്റുകളാണ്.

