എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫലം മെയ് 8-ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ തീയതികളും വിദ്യാഭ്യാസ രംഗത്തെ സുപ്രധാന പരിഷ്കാരങ്ങളും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന പരീക്ഷകൾ മാർച്ച് മുപ്പതോടെ പൂർത്തിയാകും. വിദ്യാർത്ഥികൾ ഏറെ കാത്തിരിക്കുന്ന പരീക്ഷാ ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കും. ഐടി പരീക്ഷകൾ ഈ മാസം 2 മുതൽ 13 വരെയുള്ള തീയതികളിൽ നടക്കുമെന്നും പരീക്ഷാ സമ്മർദ്ദമില്ലാതെ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

പരീക്ഷാ തീയതികൾക്ക് പുറമെ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിലും മന്ത്രി നിർണ്ണായക വെളിപ്പെടുത്തൽ നടത്തി. പത്ത് വർഷത്തോളം ഒരേ പുസ്തകം തന്നെ പിന്തുടരുന്ന രീതി ശരിയല്ലെന്നും കാലാനുസൃതമായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാഠഭാഗങ്ങളുടെ എണ്ണം കൂട്ടുന്നതിലല്ല, മറിച്ച് പഠനത്തിന്റെ ഗുണനിലവാരത്തിലാണ് സർക്കാർ വിശ്വസിക്കുന്നത്. ഓരോ പ്രായത്തിലും കുട്ടി പഠിച്ചിരിക്കേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി ആഴത്തിലുള്ള പഠനത്തിന് അവസരമൊരുക്കും. സിലബസിലെ ആവർത്തനങ്ങൾ ഒഴിവാക്കി ശാസ്ത്രീയമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരിക്കുലം കമ്മിറ്റി ചർച്ച ചെയ്ത് മാത്രമായിരിക്കും അന്തിമ മാറ്റങ്ങൾ വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *