തിരുവനന്തപുരം: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്കു സമ്മാനിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്കാരം നടി ശാരദയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മലയാള സിനിമയുടെ 35 വിഭാഗങ്ങളില്‍ മികവ് തെളിയിച്ച കലാകാരന്മാര്ക്കുള്ള അംഗീകാരമാണിതെന്നും, മലയാള സിനിമയുടെ കലാപരമായ വളര്‍ച്ചയെ ചരിത്രപരമായി അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് ഇതിലൂടെ നിര്വഹിക്കപ്പെടുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു.
ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. മമ്മൂട്ടിക്ക് രാജ്യം പത്മഭൂഷണ്‍ നല്കി ആദരിക്കുന്നതിലുള്ള സന്തോഷം അദ്ദേഹം വേദിയില്‍ പങ്കുവച്ചു.
മമ്മൂട്ടി, ടൊവീനോ തോമസ്, ആസിഫ് അലി, വേടന്, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന് ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന് ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു.

