ഇന്ധനപ്രതിസന്ധി രൂക്ഷം; അടിയന്തര നടപടികൾക്കായി ഓസ്‌ട്രേലിയയിൽ സ്റ്റേറ്റ് പ്രീമിയർമാരുടെ യോഗം ചേര്‍ന്നു

കാൻബറ: രാജ്യത്ത് പിടിമുറുക്കുന്ന കടുത്ത ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ സ്റ്റേറ്റ്, ടെറിട്ടറി തലവന്മാർ ഇന്ന് അടിയന്തര യോഗം ചേരും. നാളെ കാൻബറയിൽ നടക്കുന്ന നാഷണൽ ക്യാബിനറ്റ് യോഗത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രിമാരും പ്രീമിയർമാരും ഉച്ചകഴിഞ്ഞ് യോഗം ചേര്‍ന്നത്‌. ഇന്ധന പ്രതിസന്ധിയെ നേരിടാൻ രാജ്യമൊട്ടാകെ ഏകീകൃതമായ ഒരു പദ്ധതി നടപ്പിലാക്കുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം.

ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസിന്റെ നേതൃത്വത്തിലാണ് ഇന്നത്തെ ചർച്ചകൾ നടക്കുന്നത്. കോവിഡ് കാലത്ത് ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. അത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാൻ ഫ്യുവൽ സപ്ലൈ ടാസ്‌ക്ഫോഴ്‌സ് കോർഡിനേറ്റർ ആന്തിയ ഹാരിസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇന്ധനം വാങ്ങുന്നതിന് കോവിഡ് കാലത്തെപ്പോലെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് വ്യക്തമാക്കി. ഇന്ധനം പരിഭ്രാന്തരായി വാരിക്കൂട്ടരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. “ഇത് ഗാരേജുകളിൽ സൂക്ഷിച്ചുവെക്കാവുന്ന ടോയ്‌ലറ്റ് പേപ്പറല്ല, മറിച്ച് ഇന്ധനമാണ്. അത് അപകടകരവുമാണ്,” അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വകാര്യ കമ്പനികൾക്ക് വിദേശത്തുനിന്ന് കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യാൻ സർക്കാർ സാമ്പത്തിക സഹായം നൽകുന്ന പുതിയ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും.

നിലവിൽ രാജ്യത്തെ നൂറുകണക്കിന് പെട്രോൾ പമ്പുകളിൽ ഇന്ധനം പൂർണ്ണമായും തീർന്ന അവസ്ഥയിലാണ്. ചിലയിടങ്ങളിൽ അൺലെഡഡ് പെട്രോളിന് ലിറ്ററിന് 2.60 ഡോളറിലേക്കും ഡീസൽ വില 3 ഡോളറിലേക്കും ഉയർന്നിട്ടുണ്ട്. വിദേശ വിപണികളിൽ നിന്ന് കൂടുതൽ ഇന്ധന കപ്പലുകൾ എത്തിക്കുന്നതിനായി അന്താരാഷ്ട്ര കമ്പനികളുമായി സർക്കാർ ചർച്ചകൾ നടത്തിവരികയാണെന്നും ഓസ്‌ട്രേലിയയെ നിശ്ചലമാക്കാതിരിക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *