തൃശൂർ: 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീഴവെ വാശിയേറിയ പോരാട്ടം തുടരുന്നു. ആർക്കാകും സ്വർണക്കപ്പ് എന്ന് ഇതുവരെ പറയാൻ സാധിക്കാത്ത തരത്തിലാണ് വേദികളിൽ മത്സരങ്ങൾ ഈ ദിവസങ്ങളിൽ പുരോഗമിച്ചത്.
ശനിയാഴ്ച വൈകുന്നേരം വരെയുള്ള പോയിന്റ് നിലപ്രകാരം 990 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 983 പോയിന്റുമായി തൃശൂർ രണ്ടാമതുമുണ്ട്. ഇരു ജില്ലകൾക്കും വെല്ലുവിളിയായി 982 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുണ്ട്.
981 പോയിന്റുമായി കോഴിക്കോട് 950 പോയിന്റുമായി മലപ്പുറവും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. കൊല്ലം 948, എറണാകുളം 955, തിരുവനന്തപുരം 942, കാസർകോട് 912, കോട്ടയം 909, വയനാട് 904, ആലപ്പുഴ 890, പത്തനംതിട്ട 855, ഇടുക്കി 818 എന്നിങ്ങനെയാണ് പോയിന്റ് നില.
സ്വർണക്കപ്പിനായി വീറും വാശിയുമേറിയ പോരാട്ടമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാണാനാകുന്നത്. നേരത്തെ നാലാമതായിരുന്ന തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് എത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് മൂന്നാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനാൽ സസ്പെൻസ് തുടരാനുള്ള സാധ്യത കൂടുതലാണ്.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ ആണ് മുഖ്യാതിഥിയായി എത്തുക. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ ആണ് സമ്മാനിക്കുക. ഒന്നാം വേദിയിലാണ് സമാപന സമ്മേളനം നടക്കുക. പ്രിയതാരം മോഹൻലാൽ എത്തുമെന്ന കാര്യം ഉറപ്പായതോടെ തൃശൂർ നഗരവും പ്രധാന വേദിയും ആവേശത്തിലായി. ആദ്യ ദിനം മുതൽ തേക്കിൻകാട് മൈതാനത്തെ മൂന്ന് വേദികളിലും ശക്തമായ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
വാശിയേറിയ കലാമത്സരങ്ങളിൽ 15,000 പ്രതിഭകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൂരങ്ങളുടെ നാടായ തൃശൂരിൽ എത്തി പോരാട്ടത്തിനിറങ്ങിയത്. ഇത്തവണ പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണു കലോത്സവ മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്.

