സംസ്ഥാന മെഡിക്കൽ കോളേജ് ഫുട്ബോൾ: കണ്ണൂർ മെഡിക്കൽ കോളേജ് ചാമ്പ്യന്മാർ

തൊടുപുഴ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്നുവന്ന സംസ്ഥാനതല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ മെഡിക്കൽ കോളേജ് ജേതാക്കളായി. കോട്ടയം മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ ഫൈനലിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ പരാജയപ്പെടുത്തിയാണ് കണ്ണൂർ കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു (2-1) കണ്ണൂരിന്റെ വിജയം.

വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് വിജയികളായി. ഏകപക്ഷീയമായ ഒരു ഗോളിന് തിരുവനന്തപുരം ഗവൺമെന്റ് ദന്തൽ കോളേജിനെയാണ് അവർ പരാജയപ്പെടുത്തിയത്. വിജയികൾക്കുള്ള സമ്മാനങ്ങൾ കോമൺവെൽത്ത് മെഡൽ ജേതാവ് പ്രജുഷ എം.എയും മുൻ ദേശീയ പോൾവാൾട്ട് താരം ബിമിൻ പോളും ചേർന്ന് വിതരണം ചെയ്തു.

ചടങ്ങിൽ മുൻ ഫുട്ബോൾ താരം സലീം കുട്ടി അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് കായിക വിഭാഗം മേധാവി ബിജുകുമാർ വി.എൽ സ്വാഗതം ആശംസിച്ചു. ഡോക്ടർ അജീഷ് ടി. അലക്സ്, അമൽ വി.ആർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *