കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുകയാണ്. സംസ്ഥാനത്തുള്ള 8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്. സ്കൂള്‍ തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ് തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികള്‍ക്ക് ലഭിക്കും.
സംസ്ഥാന തലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ അന്തിമ വിജയിയെ കണ്ടെത്തും. ജനുവരി 12 മുതലാണ് ക്വിസ് മത്സരങ്ങള്‍ ആരംഭിക്കുക. പങ്കെടുക്കുന്ന എല്ലാവര്ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാതല മത്സര വിജയികള്‍ക്ക് മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. ശരിയുത്തരങ്ങള്‍ക്ക് കാണികള്‍ക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാ തലം മുതല്‍ മത്സരം സംഘടിപ്പിക്കുന്നത്.

