കുവൈത്ത് സിറ്റി: വളര്‍ത്തുമൃഗങ്ങളെ വാണിജ്യാവശ്യത്തിന് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കുവൈത്ത്.തെരുവ് നായ്ക്കള്‍ക്കായി 10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു സംയോജിത ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ പദ്ധതികള്‍ പുരോഗമിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്സ് ആന്‍ഡ് ഫിഷ് റിസോഴ്സസിലെ മൃഗാരോഗ്യ, പകര്‍ച്ചവ്യാധി നിയന്ത്രണ സൂപ്പര്‍വൈസര്‍ ഡോ.അഹമ്മദ് അല്‍ ഹമദ് സ്ഥിരീകരിച്ചു.
നായകളെയും പൂച്ചകളെയും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്നത് അതോറിറ്റി നിരോധിച്ചതായും അദ്ദേഹം അറിയിച്ചു.തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായി, ഒരു പൗരന് പ്രതിവര്‍ഷം ഒരു നായയെ മാത്രം ഇറക്കുമതി ചെയ്യാനാണ് നിലവില്‍ അനുവാദമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.കുവൈത്ത് ലോയേഴ്സ് അസോസിയേഷന്‍ അടുത്തിടെ സംഘടിപ്പിച്ച ഒരു അനുകമ്പയുള്ള നിയമപരമായ അന്തരീക്ഷത്തിലേക്ക് എന്ന സെമിനാറിലാണ് അല്‍-ഹമദ് ഈ പ്രസ്താവന നടത്തിയത്.
സമീപ വര്‍ഷങ്ങളില്‍ കുവൈത്തിലെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ തെരുവ് നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിന് രാജ്യം സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ദ്ധനവ് നിവാസികളെ സംരക്ഷിക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും റെഗുലേറ്ററി നടപടികളും ശക്തമാക്കാന്‍ അതോറിറ്റിയെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

