ദുബായ്: ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ എണ്ണനീക്കത്തിനായി ബദൽമാർഗ്ഗം സ്വീകരിച്ചതായി സൗദി അറേബ്യൻ എണ്ണക്കമ്പനിയായ അരാംകോ അറിയിച്ചു. ചെങ്കടൽ തീരത്തുള്ള യാൻബു തുറമുഖത്തേക്ക് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വഴി എണ്ണ എത്തിച്ചശേഷം അവിടെനിന്നും ടാങ്കറുകൾ വഴി കയറ്റി അയക്കുന്നതാണ് പുതിയ രീതി.
അതേസമയം, മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്നുണ്ടായ ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധങ്ങളിൽ ട്രംപ് ഭരണകൂടം ഇളവുകൾ ഏർപ്പെടുത്തി.ഇതിനിടെ, മേഖലയിൽ ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അബുദാബിയുടെ എണ്ണശുദ്ധീകരണ ശാലയായ അഡ്നോകിന്റെ റുവൈസ് പ്ലാന്റ് ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.
യുഎഇ ലക്ഷ്യമാക്കി വന്ന ഒൻപത് ബാലിസ്റ്റിക് മിസൈലുകളിൽ എട്ടെണ്ണവും 35 ഡ്രോണുകളിൽ 26 എണ്ണവും സേന തകർത്തു. ആക്രമണത്തിൽ ഇന്ത്യക്കാരുൾപ്പെടെ 122 പേർക്ക് പരിക്കേറ്റു.അസ് സുൽഫി, അൽ ഖർജ് ഗവർണറേറ്റുകളിൽ ഡ്രോൺ ആക്രമണം നടന്നു. അസ് സുൽഫിയിൽ കെട്ടിടങ്ങൾ തകർന്നു. രണ്ട് മിസൈലുകളും ആറ് ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടു. ആളപായമില്ല. കുർദിസ്ഥാൻ മേഖലയിലെ യുഎഇ കോൺസുലേറ്റ് ജനറൽ ഓഫീസ് ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.കൂടാതെ, ഇറാനിലെ എണ്ണ സംഭരണകേന്ദ്രങ്ങൾ തകർത്തതിനെത്തുടർന്ന് കനത്ത പുക ഉയരുകയും ചിലയിടങ്ങളിൽ കറുത്ത മഴ (ആസിഡ് മഴ) അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

