നമ്മുടെ ഓരോ ദിവസത്തെയും കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഓരോ ദിവസവും നമ്മളിലൂടെ കടന്നുപോകുന്ന സംഭവങ്ങളെക്കുറിച്ച് ഓര്‍ക്കാറുണ്ടോ?
ഒരു ദിവസത്തെ യാത്രയില്‍ നമ്മള്‍ ചില അപരിചിതരെ പരിചയപ്പെടാറുണ്ട്. കുറച്ചു സമയത്തേക്കെങ്കിലും അവര്‍ നമ്മളില്‍ ഒരാളായി മാറാറില്ലേ?
എന്റെ ഒരു യാത്രാനുഭവം പങ്കുവെക്കാം…
രാവിലെ എഴുന്നേറ്റത് മുതല്‍ തിരക്കിലായിരുന്നു. വീട്ടിലെ ജോലികളെല്ലാം ഒരുവിധം ഒതുക്കി വെച്ചു. ടൗണിലേക്ക് 9 മണിക്ക് ഒരു ബസ്സുണ്ട്. തിരക്കുകള്‍ക്കിടയിലും മനസ്സ് ആ 9 മണി ബസ്സിലായിരുന്നു. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍ ചെറിയൊരു പരിഭ്രമം-ബസ് കിട്ടുമോ എന്ന്. ഭാഗ്യത്തിന്, കൃത്യസമയത്ത് തന്നെ ടൗണിലേക്കുള്ള ബസ് എത്തി.
ടൗണില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് കിട്ടി. ആ നീണ്ട യാത്ര എനിക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്. ജനല്‍സീറ്റിലിരുന്ന് പുറത്തെ കാഴ്ചകള്‍ കാണുമ്പോള്‍ നമ്മള്‍ പോലുമറിയാതെ മറ്റൊരു ലോകത്തേക്ക് മാറും.
അന്ന് എന്റെ തൊട്ടടുത്ത് വന്നിരുന്നത് ഒരു പ്രായമായ സ്ത്രീയായിരുന്നു. കുറച്ചുനേരം ഞങ്ങള്‍ക്കിടയില്‍ മൗനമായിരുന്നു. ഒടുവില്‍ ആ അമ്മ തന്നെ മൗനം മുറിച്ചു.
‘മോള്‍ എങ്ങോട്ടാ?’
‘ഞാന്‍ തിരുവനന്തപുരത്ത് ഒരു ഇന്റര്‍വ്യൂവിന് പോവുകയാണ് അമ്മേ,’ ഞാന്‍ മറുപടി നല്‍കി. ‘അമ്മ എങ്ങോട്ടാ?’
‘ഞാന്‍ മെഡിക്കല്‍ കോളേജ് വരെ പോകുവാ മോളെ. അവിടെ എന്റെ മകനും മരുമകളും ഉണ്ട്. അവര്‍ക്കായി ഒരു പൊതിച്ചോറ് കരുതിയിട്ടുണ്ട്. വയ്യാത്ത ശരീരമാണെങ്കിലും രാവിലെ എഴുന്നേറ്റ് എല്ലാം പാകം ചെയ്ത് ഇറങ്ങിയതാണ്…’
കയ്യിലിരുന്ന ആ പൊതിച്ചോറിലേക്ക് നോക്കി പറയുമ്പോള്‍ ആ അമ്മയുടെ കണ്ണുകളില്‍ തളര്‍ച്ചയല്ല, മറിച്ച് സ്‌നേഹമായിരുന്നു. സംസാരിച്ചിരുന്നപ്പോള്‍ ആ അമ്മ തന്റെ ജീവിതം ഓരോന്നായി പറഞ്ഞു തുടങ്ങി.
മൂന്ന് മക്കളായിരുന്നു അവര്‍ക്ക്. രണ്ട് പെണ്‍മക്കളും ഒരു മകനും. പെണ്മക്കളെ വിവാഹം കഴിപ്പിച്ചു വിട്ടു. അവര്‍ക്ക് സ്വന്തം കുടുംബവും പ്രാരാബ്ദങ്ങളും ഒക്കെ ആയപ്പോള്‍ അമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ പോലും സമയമില്ലാതായി. മദ്യപാനിയായിരുന്ന ഭര്‍ത്താവ് അസുഖം ബാധിച്ച് നേരത്തെ മരിച്ചു.
ആകെ ഉണ്ടായിരുന്ന ആണ്‍തരിയിലായിരുന്നു അമ്മയുടെ പ്രതീക്ഷ. വീടുകളില്‍ അടുക്കളപ്പണി ചെയ്താണ് അവര്‍ മകനെ വളര്‍ത്തിയതും അവനു വേണ്ടതെല്ലാം നേടി കൊടുത്തതും. മകന് അമ്മയോട് വലിയ സ്‌നേഹമായിരുന്നു.ഒടുവില്‍ നല്ലൊരു ജോലിയും കിട്ടി, വിവാഹവും കഴിഞ്ഞു.
എന്നാല്‍ വിവാഹശേഷം എല്ലാം മാറിമറിഞ്ഞു. ആഡംബരപ്രിയയായ മരുമകള്‍ വന്നതോടെ ആ കുടുംബത്തിന്റെ സമാധാനം തകര്‍ന്നു. മകന്‍ അമ്മയെ തള്ളിപ്പറയാന്‍ തുടങ്ങി. ഒടുവില്‍ മാനസികമായി തകര്‍ന്ന അവന്‍ മദ്യപാനത്തിന് അടിമയാവുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു.
ജീവിതം മടുത്ത അവന്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചു. മകന്റെ ആ അവസ്ഥ കണ്ടതോടെ മരുമകളുടെ അഹങ്കാരവും തീര്‍ന്നു. ഇപ്പോള്‍ ചികിത്സയ്ക്ക് ശേഷം മകന് നല്ല മാറ്റമുണ്ട്. ആശുപത്രിയില്‍ കിടക്കുന്ന അവനെ കാണാനാണ് ആ അമ്മ പോകുന്നത്.
യാത്രയിലുടനീളം ആ അമ്മയോട് സംസാരിച്ചപ്പോള്‍ ആ അപരിചിതയായ സ്ത്രീ എനിക്ക് പ്രിയപ്പെട്ടവളായി മാറി.
ബസ് ഇറങ്ങി അവരോട് യാത്ര പറഞ്ഞു പിരിയുമ്പോള്‍ എന്തോ ഒരു വിഷമം ഉള്ളില്‍ തോന്നി.
ആ അമ്മയെ യാത്രയാക്കി ഒരു ഓട്ടോ വിളിച്ച് ഞാന്‍ എന്റെ ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചു. ആ ഓട്ടോക്കാരന്‍ ആരാണെന്നു പോലും അറിയില്ല. ഒരിക്കലും കണ്ടിട്ടില്ല, ഇനി കാണുകയും ഇല്ല. എന്നിട്ടും അവിടെ എത്തും വരെ അയാളോടും ഞാന്‍ സംസാരിച്ചു കൊണ്ടിരുന്നു.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വന്ന ഉദ്യോഗാര്‍ത്ഥികളും ഓരോ വിവരങ്ങള്‍ പരസ്പരം അന്വേഷിച്ചു കൊണ്ടിരുന്നു.
ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തപ്പോള്‍ മനസ്സ് ഒന്ന് ഇടറി. എങ്കിലും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ ശ്രമിച്ചു.
തിരികെ വീട്ടിലേയ്ക്കുള്ള യാത്രയിലും ചില അപരിചിതരെ കണ്ടുമുട്ടി. പക്ഷെ മനസ്സില്‍ മുഴുവന്‍ ആ പ്രായമായ സ്ത്രീയും അവരുടെ വിഷമങ്ങളും ഒക്കെ ആയിരുന്നു. ഇനി അവരെ ഒരിക്കലും കാണാനും മിണ്ടാനും വിവരങ്ങള്‍ അറിയാനും പറ്റില്ല. പേര് ചോദിക്കാന്‍ മറന്നു. നമ്പര്‍ വാങ്ങാനും കഴിഞ്ഞില്ല.
ആ യാത്ര കഴിഞ്ഞ് വീട് എത്താറായപ്പോള്‍ സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു.
ഇതുപോലെ എത്രയെത്ര അപരിചിതര്‍ നമ്മുടെ ജീവിതത്തില്‍ വന്നു പോകുന്നു. കുറച്ചു നിമിഷത്തേക്കെങ്കിലും ആരുമല്ലാതിരുന്നിട്ടും നമുക്ക് പ്രിയപ്പെട്ടവരായി മാറുന്ന അപരിചിതര്‍.


