ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരുവുയുദ്ധം; മുഹമ്മദ് യൂനുസിന്റെ വസതിക്ക് മുന്നിൽ സംഘർഷം

ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമാസക്തമായ പ്രതിഷേധങ്ങൾ. ഒൻപതാം ദേശീയ ശമ്പള കമ്മീഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ജീവനക്കാർ നടത്തിയ മാർച്ചാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ ഔദ്യോഗിക വസതിയായ ‘ജമുന’യ്ക്ക് മുന്നിൽ വെള്ളിയാഴ്ച (ഫെബ്രുവരി 6, 2026) ഉച്ചയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

പത്തുവർഷമായി തുടരുന്ന എട്ടാം ശമ്പള കമ്മീഷന് പകരം ഒൻപതാം ശമ്പള കമ്മീഷൻ ശുപാർശകൾ ഉടൻ ഗസറ്റിൽ പ്രസിദ്ധീകരിച്ച് നടപ്പിലാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. നിലവിലെ ഇടക്കാല സർക്കാർ ഇത് നടപ്പിലാക്കിയില്ലെങ്കിൽ, ഫെബ്രുവരി 12-ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം വരുന്ന പുതിയ സർക്കാർ ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുമെന്ന് ജീവനക്കാർ ഭയപ്പെടുന്നു. “വയറ്റിൽ ആഹാരമില്ലെങ്കിൽ എന്ത് വികസനം?” എന്ന മുദ്രാവാക്യമുയർത്തി ഷഹീദ് മിനാറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പോലീസ് ബാരിക്കേഡുകൾ തകർത്ത് ജമുനയ്ക്ക് മുന്നിലെത്തുകയായിരുന്നു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും ജലപീരങ്കിയും കണ്ണീർവാതകവും സൗണ്ട് ഗ്രനേഡുകളും പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ നാൽപ്പതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് സൈന്യത്തെയും (ബി.ജി.ബി) വിന്യസിച്ചിട്ടുണ്ട്.

ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിനെ ഈ സംഘർഷങ്ങൾ ബാധിക്കുമോ എന്ന ആശങ്കയിലാണ് രാജ്യം. വരും ദിവസങ്ങളിലും സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *