ധാക്ക: പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അയൽരാജ്യമായ ബംഗ്ലാദേശിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനസിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെള്ളിയാഴ്ച രാത്രി വൈകിയും കനത്ത സംഘർഷമാണ് അരങ്ങേറിയത്. വിവിധ രാഷ്ട്രീയ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം തെരുവ് യുദ്ധമായി മാറിയതോടെ തലസ്ഥാന നഗരമായ ധാക്ക അക്ഷരാർത്ഥത്തിൽ സ്തംഭിച്ച അവസ്ഥയിലാണ്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വലിയ രീതിയിലുള്ള കയ്യാങ്കളിയിലേക്ക് നയിച്ചത്. വിവിധ ഇടങ്ങളിൽ പ്രകടനമായെത്തിയ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ സുരക്ഷാ സേന കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും സ്ഥിതി നിയന്ത്രണാതീതമാണ്. രാജ്യത്തെ അസ്ഥിരതയിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉടലെടുത്ത ഈ രാഷ്ട്രീയ അനിശ്ചിതത്വം അയൽരാജ്യങ്ങൾ ഉൾപ്പെടെയുള്ളവർ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

