മലേഷ്യൻ തീരത്ത് ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.8 തീവ്രത

ക്വാലലംപൂർ: മലേഷ്യയിലെ ബോർണിയോ ദ്വീപിന്റെ വടക്കൻ തീരത്ത് അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 12:57-നാണ് (1657 GMT) ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു.

മലേഷ്യയിലെ സബാഹ് സംസ്ഥാനത്താണ് ഭൂചലനം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. തീരദേശ സംസ്ഥാന തലസ്ഥാനമായ കോട്ട കിനബാലുവിൽ നിന്ന് ഏകദേശം 100 കിലോമീറ്ററിൽ താഴെ ദൂരത്തിൽ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂമിക്കടിയിൽ ഏകദേശം 619.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. 7.1 തീവ്രത രേഖപ്പെടുത്തിയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും പിന്നീട് അത് 6.8 ആയി യുഎസ്ജിഎസ് തിരുത്തി.

വളരെ ആഴത്തിലുണ്ടായ ചലനമായതിനാൽ ഉപരിതലത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായമോ കാര്യമായ വസ്തുനാശമോ ഉണ്ടായതായി പ്രാഥമിക വിവരങ്ങളില്ല. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ലെന്ന് യുഎസ് സുനാമി വാണിംഗ് സെന്റർ അറിയിച്ചു.

സബാഹിന്റെ പടിഞ്ഞാറൻ തീരങ്ങളിലും ശരാവാക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി മലേഷ്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മലേഷ്യൻ അധികൃതർ അറിയിച്ചു. ഭൂമിക്കടിയിൽ വലിയ ആഴത്തിൽ നടന്ന ചലനമായതിനാൽ പ്രകമ്പനത്തിന്റെ ആഘാതം ഉപരിതലത്തിൽ കുറഞ്ഞതാണ് വലിയ അപകടം ഒഴിവാകാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *