അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: എട്ടു മരണം, നിരവധി പേർക്ക് പരിക്ക്

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച അർദ്ധരാത്രിയോടെ ഉണ്ടായത്. കുനാർ പ്രവിശ്യയിലാണ് വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഭൂചലനത്തെത്തുടർന്ന് നിരവധി വീടുകൾ തകരുകയും കെട്ടിടങ്ങൾക്ക് വിള്ളൽ വീഴുകയും ചെയ്തു. കുനാർ പ്രവിശ്യയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ മന്ത്രാലയം വക്താവ് മുഹമ്മദ് നസീം ഹഖാനി അറിയിച്ചു.

ജലാലാബാദ് നഗരത്തിന് 38 കിലോമീറ്റർ വടക്കുകിഴക്കായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) വ്യക്തമാക്കി.കാബൂൾ, നംഗർഹാർ, ലഗ്മാൻ തുടങ്ങിയ പ്രവിശ്യകളിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ജൂണിലുണ്ടായ 5.9 തീവ്രതയുള്ള ഭൂചലനത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം തുടർച്ചയായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ രാജ്യത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തകർന്ന വീടുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *