തിരുവനന്തപുരം: തൃശൂർ, പാലക്കാട് ജില്ലകളിൽ മണിക്കൂറിൽ 40 കിമീ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, ഇടുക്കി ജില്ലകളിലും കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത തീവ്രന്യൂനമർദം ന്യൂനമർദമായി മാറിയതോടെ മഴ സാധ്യത കുറഞ്ഞു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദത്തിന്റെ ശക്തി വീണ്ടും കുറയും. കേരളത്തിന്റെ ആകാശത്ത് മേഘങ്ങൾ മൂടിയതോടെ ഇന്ന് പുലർച്ചെ മുതൽ തണുപ്പിനും കുറവുണ്ടായി.
കിഴക്കൻ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ തെക്കൻ, മധ്യ ജില്ലകളിൽ ഇന്ന് മഴ സാധ്യത പ്രവചിക്കുന്നുണ്ട്.
ശനിയാഴ്ച രാജ്യത്ത് ഏറ്റവും കൂടിയ താപനിലയിൽ കോട്ടയം രണ്ടാമത് ( 35.5 ഡിഗ്രി സെൽഷ്യസ്) എത്തി. ഉയർന്ന ചൂട് കർണാടകയിലെ ഹൊണവറിൽ (35.6 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തി.

