നൈജീരിയയിൽ ചാവേർ ആക്രമണം; 23 മരണം

മയ്ദുഗുരി: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് ഉണ്ടായ ചാവേർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും ബോർണോ പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി മയ്ദുഗുരി നഗരത്തിലെ മൂന്നിടങ്ങളിലായാണ് ഒരേസമയം സ്ഫോടനങ്ങൾ ഉണ്ടായത്. നഗരത്തിലെ പ്രധാന മാർക്കറ്റ്, യൂണിവേഴ്സിറ്റി ഓഫ് മയ്ദുഗുരി ടീച്ചിംഗ് ഹോസ്പിറ്റലിന്റെ പ്രവേശന കവാടം എന്നിവിടങ്ങളിൽ ഉൾപ്പെടെ ജനക്കൂട്ടം തടിച്ചുകൂടിയ സ്ഥലങ്ങളാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, സംഭവത്തിന് പിന്നിൽ ബോക്കോ ഹറാം ഭീകരരാണെന്നാണ് പ്രാഥമിക നിഗമനം. 2009 മുതൽ ഈ മേഖലയിൽ ബോക്കോ ഹറാം നിരന്തരമായി ആക്രമണങ്ങൾ നടത്തിവരികയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *