അജിത് പവാറിന്റെ പിൻഗാമിയായി സുനേത്രാ പവാർ

അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് പ്രതിസന്ധിയിലായ എൻ.സി.പിയിൽ നേതൃമാറ്റത്തിനുള്ള ചർച്ചകൾ സജീവമാകുന്നു. അജിത് പവാറിന്റെ ഭാര്യയും നിലവിൽ രാജ്യസഭാംഗവുമായ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്കും കൊണ്ടുവരാനാണ് നീക്കം. എം.എൽ.എമാരെ ഒന്നിപ്പിച്ചുനിർത്താനും ബി.ജെ.പി സഖ്യത്തിൽ പാർട്ടിയുടെ പ്രസക്തി നിലനിർത്താനും സുനേത്രയ്ക്ക് കഴിയുമെന്ന് എൻ.സി.പി നേതൃത്വം കരുതുന്നു. ബാരാമതിയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സുനേത്രയെ മത്സരിപ്പിക്കാനും തുടർന്ന് നിയമസഭാ കക്ഷി നേതാവാക്കാനുമാണ് പ്രാഥമിക ധാരണ.

അജിത് പവാർ നയിച്ചിരുന്ന എൻ.സി.പി വിഭാഗത്തെയും ശരദ് പവാർ വിഭാഗത്തെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. ഇതോടെ പാർട്ടിയുടെ പിന്തുടർച്ചയും ലയനസാധ്യതകളും സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയമായി മാറി. മറാഠാ നേതാവിനെ മാത്രമേ എം.എൽ.എമാർ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കൂ എന്നതിനാൽ സുനേത്രാ പവാറിന്റെ പേരിന് പാർട്ടിയിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. കുടുംബപ്പേരും ബാരാമതിയുമായുള്ള അടുത്ത ബന്ധവും അവർക്ക് അനുകൂല ഘടകങ്ങളാണ്.

ദീർഘകാലം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന സുനേത്രാ പവാർ, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുപ്രിയാ സുലെയ്‌ക്കെതിരെ ബാരാമതിയിൽ മത്സരിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അജിത് പവാറിന്റെ മകൻ പാർഥിനെ രാഷ്ട്രീയ അവകാശിയായി ഉയർത്തിക്കാട്ടാൻ ശ്രമം നടന്നിരുന്നെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ, വിപുലമായ ജനസമ്മതിയുള്ള സുനേത്രയിലൂടെ പാർട്ടിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *