തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒത്തുതീർപ്പിലെത്തിക്കാനുള്ള നീക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇത്തരം ഗൗരവകരമായ വിഷയങ്ങളിൽ സിപിഐഎമ്മും മുഖ്യമന്ത്രിയും ഒത്തുതീർപ്പാണോ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയല്ല ഇതെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇത് കേവലം ഒരു കുടുംബപ്രശ്നമായി കണ്ട് തള്ളിക്കളയാനാവില്ല. സമാനമായ ആരോപണങ്ങൾ യുഡിഎഫ് ഭരണകാലത്ത് ഉയർന്നപ്പോൾ അന്ന് ഗണേഷ് കുമാർ രാജിവെച്ചിരുന്നു. അന്ന് രാജി ആവശ്യപ്പെട്ടവർ ഇന്ന് മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ധാർമ്മികത എന്താണെന്ന് ഈ വിഷയത്തിൽ വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച പരാതികൾ പിൻവലിച്ചുവെങ്കിലും വിഷയം രാഷ്ട്രീയമായി സജീവമാക്കി നിർത്താനാണ് കോൺഗ്രസ് തീരുമാനം.

