സൂപ്പർ-കെ’ ഇൻഫ്ലുവൻസ പടരുന്നു, ഓസ്‌ട്രേലിയയിൽ ഈ വർഷം മരണം 60 കടന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവിദഗ്ധർ

സിഡ്‌നി: അതിവേഗം പടരുന്ന ‘സൂപ്പർ-കെ’ (Super-K) എന്ന പുതിയ ഇൻഫ്ലുവൻസ വൈറസ് വകഭേദം ഓസ്‌ട്രേലിയയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് 63 പേർ ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണ ജനുവരി മാസങ്ങളിൽ റിപ്പോർട്ട് ചെയ്യാറുള്ള മരണനിരക്കിന്റെ ഇരട്ടിയാണിത്. ഇൻഫ്ലുവൻസ എ (H3N2) വിഭാഗത്തിൽപ്പെട്ട ഈ വൈറസ് വകഭേദം അതീവ അപകടകാരിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ജൂണിൽ അമേരിക്കയിലാണ് സൂപ്പർ-കെ വകഭേദം ആദ്യമായി കണ്ടെത്തിയത്. അവിടെ ഡസൻ കണക്കിന് കുട്ടികളുടെ മരണത്തിന് ഈ വൈറസ് കാരണമായിരുന്നു. നിലവിൽ ഓസ്‌ട്രേലിയയിൽ 22,000-ത്തിലധികം പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. വൈറസിന്റെ തീവ്രമായ വ്യാപനശേഷിയും ജനങ്ങൾക്കിടയിലുള്ള കുറഞ്ഞ വാക്സിനേഷൻ നിരക്കുമാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് സാംക്രമിക രോഗ വിദഗ്ധൻ പോൾ ഗ്രിഫിൻ ചൂണ്ടിക്കാട്ടി.

സാധാരണയായി ഏപ്രിൽ മാസത്തോടെയാണ് ഓസ്‌ട്രേലിയയിൽ ഇൻഫ്ലുവൻസ സീസൺ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള പരിഷ്കരിച്ച വാക്സിനുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്. വരും മാസങ്ങളിൽ രോഗവ്യാപനം ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *