ന്യൂഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന 478 സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ 123 എണ്ണത്തിന്റെയും വേഗത 55 കിലോമീറ്ററിൽ താഴെയാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി). രാജ്യത്തെ സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കു പേരിൽ മാത്രമേ വേഗമുള്ളൂ എന്നും പിഎസി വിമർശിച്ചു. ട്രെയിനുകളുടെ സമയനിഷ്ഠയും യാത്രാ സമയവും സംബന്ധിച്ച റിപ്പോർട്ടിലാണ് പരാമർശം.
മണിക്കൂറിൽ 55 കിലോമീറ്ററാണ് സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കു വേഗം നിശ്ചയിച്ചിരിക്കുന്നത്. സർവീസ് തുടങ്ങിയ കാലത്ത് 55 കിലോമീറ്റർ വേഗമുണ്ടായിരുന്ന ട്രെയ്നുകൽക്ക് പിന്നീട് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചപ്പോൾ വേഗം കുറയ്ക്കേണ്ടിവന്നു എന്നാണ് റെയിൽവേയുടെ വിശദീകരണം.
വേഗമില്ലാത്ത ട്രെയിനുകൾക്ക് സൂപ്പർഫാസ്റ്റ് എന്നു പേരിട്ട് സർവീസ് നടത്തുന്നതിനാൽ ഉയർന്ന നിരക്ക് ടിക്കറ്റിന് നൽകേണ്ടി വരുന്നുവെന്നും പിഎസി ചൂണ്ടിക്കാട്ടി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെങ്കിലുമുള്ള ട്രെയിനുകൾക്കേ സൂപ്പർഫാസ്റ്റ് എന്ന പേരുനൽകാവൂ. ഈ വേഗം ഏതെങ്കിലും ചില സ്റ്റേഷനുകൾക്കിടയിൽ മാത്രം പോരെന്നും പുറപ്പെടുന്ന സ്റ്റേഷനും യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനും ഇടയിൽ ഇതേ വേഗത്തിൽ സഞ്ചരിക്കാൻ കഴിയണമെന്നും സമിതി ചൂണ്ടിക്കാട്ടി. 2030 ൽ ഈ ലക്ഷ്യം നേടുന്ന തരത്തിൽ റെയിൽവേ നടപടികളെടുക്കണമെന്നും നിർദേശിച്ചു. ബെർത്ത് ലഭിക്കാതെ ആർഎസിയിൽ യാത്ര ചെയ്യുന്നവർക്ക് നിരക്കിന്റെ ഒരുഭാഗം തിരികെ നൽകണമെന്നും പിഎസി നിർദേശിച്ചു.

