ന്യൂഡല്‍ഹി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കുന്നതില് സംസ്ഥാന ഗവണ്മെന്റുകള് ഒരു തരത്തിലുള്ള ഉപേക്ഷയും കാണിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിരിക്കുന്ന നഷ്ടപരിഹാര തുകയാണിത്. പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ വ്യത്യസ്ത സമീപനങ്ങള്‍ പുലര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കേരളത്തിനു കൂടി ബാധകമാകുന്ന ഈ വിധിന്യായം ഉണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസുമാരായ അഗസ്റ്റിന് ജോര്‍ജ് മസീഹ്, എ എസ് ചന്ദുര്‍കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വനമേഖലയോടു ചേര്‍ന്ന കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യമുള്ള വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
നഷ്ടപരിഹാരം നല്കുന്നതില് വരുന്ന കാലതാമസം ഒഴിവാക്കണമെന്നും സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യരും വന്യജീവികളുമായുള്ള സംഘര്‍ഷത്തെ പ്രകൃതി ദുരന്തമായി കണക്കാക്കുന്നത് അഭികാമ്യമായിരിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേരളത്തില്‍ കര്‍ഷക സ്വരാജ് സമരസമിതി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ വന്യജീവി ആക്രമണത്തിനെതിരേ അതിശക്തമായി സമരങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നത്.

