ന്യൂഡല്‍ഹി: അവയവ ദാനത്തിന്റെയും കൈമാറ്റത്തിന്റെയും സുതാര്യതയ്ക്ക് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ദേശീയ നയവും ഏകീകൃത നിയമങ്ങളും രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അവയവദാനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ചില നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനു മുമ്പാകെ സുപ്രീം കോടതി ഈ നിര്‍ദേശം വച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബഞ്ചാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഭരണ ഘടനയുടെ സംസ്ഥാന പട്ടികയിലെ ആറാമത്തെ ഇനമായി ചേര്‍ത്ത 1994ലെ നിയമം എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ടെങ്കിലും അവയവ മാറ്റ നടപടികളുടെ വേഗത വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള 2011ലെ ഭേദഗതികളും അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും പല സംസ്ഥാനങ്ങളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നു കോടതി വ്യക്തമാക്കി. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി സംസ്ഥാനങ്ങള്‍ ഉടന്‍ തന്നെ നിയമം നടപ്പാക്കണമെന്നു കോടതി ആവശ്യപ്പെട്ടു.

