വോട്ടർ പട്ടിക പുതുക്കുന്നതിൽ തടസ്സമുണ്ടാക്കിയാൽ അനുവദിക്കില്ല; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്

ന്യൂഡൽഹി: വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്കരണ (SIR) നടപടികൾ തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയത്.

വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയയിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഇത്തരം നീക്കങ്ങളെ കോടതി ഗൗരവമായി കാണും.രേഖകളുടെ പരിശോധന പൂർത്തിയാക്കാൻ പശ്ചിമ ബംഗാളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ഫെബ്രുവരി 14-ന് ശേഷം ഒരാഴ്ച കൂടി കോടതി സമയം അനുവദിച്ചു.ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും ക്രമസമാധാന നില തകർക്കുന്നതും അംഗീകരിക്കാനാവില്ല. സംസ്ഥാനത്തെ ഡി.ജി.പി, ജില്ലാ കളക്ടർമാർ എന്നിവർ ഉദ്യോഗസ്ഥരുടെ സുരക്ഷയും സുഗമമായ പ്രവർത്തനവും ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

സർക്കാരിന്റെ ഭാഗത്തുനിന്ന് സഹകരിക്കാൻ നിയോഗിച്ചിട്ടുള്ള 8,505 ഉദ്യോഗസ്ഥരും നാളെ വൈകുന്നേരം 5 മണിക്ക് മുൻപായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും നടപടികൾ തടസ്സപ്പെടുത്തുന്നുവെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതിയുടെ ഈ ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *