ന്യൂഡല്‍ഹി ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട് പുതുക്കിയ നിര്‍വചനങ്ങള്‍ സംബന്ധിച്ച് ചില വ്യക്തതകള്‍ ആവശ്യമാണെന്ന് സുപ്രീംകോടതി. ഈ വിഷയത്തില്‍ കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിധി കോടതി സ്റ്റേ ചെയ്തു. വിദഗ്ധ സമിതി റിപ്പോര്‍ട്ടും കോടതിയുടെ നിരീക്ഷണങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ആരവല്ലി കുന്നുകളുടെ നിര്‍വചനത്തിലെ മാറ്റത്തെക്കുറിച്ചുള്ള മുന്‍ ഉത്തരവ് സുപ്രീം കോടതി ഇന്ന് റദ്ദാക്കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനോ കോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനോ മുമ്പ് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ.മഹേശ്വരി, ജസ്റ്റിസ് എ.ജി.മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജനുവരി 21ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടിസ് അയക്കും.
ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം അനിയന്ത്രിതമായ ഖനനത്തിനും പരിസ്ഥിതി നാശത്തിനും വഴിയൊരുക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തതെന്ന് കോടതി പറഞ്ഞു. നിര്‍വചനം നടപ്പാക്കുന്നതിന് മുമ്പ് നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു വിദഗ്ധ അഭിപ്രായം പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ആരവല്ലി കുന്നുകളിലെ 12,081 കുന്നുകളില്‍ 1,048 കുന്നുകള്‍ മാത്രമേ 100 മീറ്റര്‍ ഉയര പരിധി പാലിക്കുന്നുള്ളൂ എന്ന ആശങ്ക വസ്തുതാപരമായും ശാസ്ത്രീയമായും ശരിയാണോ എന്ന് നിര്‍ണയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസിലെ വിശദാംശങ്ങള്‍ പഠിക്കാനായി ഒരു ഉന്നതാധികാര വിദഗ്ധ സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചതായും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വാദം കേള്‍ക്കുന്നതിനിടെ, കൂടുതല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. നവംബര്‍ 20നാണ് കുന്നുകള്‍ സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം നല്‍കിയ നിര്‍വചനം സുപ്രീം കോടതി അംഗീകരിച്ചത്. എന്നാല്‍ 100 മീറ്ററില്‍ താഴെ ഉയരമുള്ള കുന്നുകളില്‍ ഖനനം വ്യാപകമാകാന്‍ ഈ നിര്‍വചനം വഴിയൊരുക്കുമെന്നു വിമര്‍ശനമുയര്‍ന്നിരുന്നു.

