ന്യൂഡല്‍ഹി : ഭക്ഷണച്ചെലവ് പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കടുത്തതോടെ സഹതാമസക്കാരനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഒളിവില്‍പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടി. 2000 ഫെബ്രുവരി 6നു വടക്കന്‍ ഡല്‍ഹിയിലെ രൂപ് നഗറില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയായ സതീഷ് യാദവിനെ (50) ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ സ്വന്തം ഗ്രാമത്തില്‍നിന്നാണു പിടികൂടിയത്. പ്രതിക്കൊപ്പം താമസിച്ചിരുന്ന സാജന്‍ സിങ്ങാണ് (24) കൊല്ലപ്പെട്ടത്.
ഭക്ഷണച്ചെലവിനെച്ചൊല്ലി സാജനും സതീഷും വഴക്കിട്ടിരുന്നെന്നു സുഹൃത്തുക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. പ്രതികാരം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ സതീഷിനെ സാജന്‍ അടിച്ചതായും പറഞ്ഞിരുന്നു. പിറ്റേന്നു രാവിലെ സാജനെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി, സതീഷിനെ കാണാതാകുകയും ചെയ്തു.
പിന്നീട് കൊല്‍ക്കത്ത, അസം, ബിഹാറിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാറിമാറിത്താമസിച്ച പ്രതി വര്‍ഷങ്ങള്‍ക്കു ശേഷം കേസ് ഒതുങ്ങിയെന്നു കരുതി നാട്ടില്‍ തിരിച്ചെത്തിയതായിരുന്നെന്നു പൊലീസ് പറഞ്ഞു. പൊലീസിന്റെ പിടിയിലായ സതീഷ്, സാജനെ അന്നു കോടാലികൊണ്ട് ആക്രമിച്ചതായി സമ്മതിച്ചിട്ടുണ്ട്.

