വാൽവ: വിക്ടോറിയയിൽ രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി ഫ്രീമാനെ വെടിവെച്ചു കൊന്നു. 216 ദിവസം നീണ്ടുനിന്ന തീവ്രമായ തിരച്ചിലിനൊടുവിലാണ് ന്യൂ സൗത്ത് വെയിൽസ് അതിർത്തിയിലുള്ള വാൽവ എന്ന നഗരത്തിൽ വെച്ച് ഇയാൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടത് ഫ്രീമാൻ തന്നെയാണെന്ന് വിക്ടോറിയ പോലീസ് കമ്മീഷണർ മൈക്ക് ബുഷ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 26-ന് പോറെപങ്ക എന്ന ഗ്രാമത്തിൽ വെച്ചാണ് ഫ്രീമാൻ പോലീസിനെതിരെ ആക്രമണം നടത്തിയത്. ഇയാളുടെ താമസസ്ഥലത്ത് സെർച്ച് വാറന്റുമായി എത്തിയ ലൈംഗിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഫ്രീമാൻ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഡിറ്റക്ടീവ് ലീഡിംഗ് സീനിയർ കോൺസ്റ്റബിൾ നീൽ തോംസൺ (59), സീനിയർ കോൺസ്റ്റബിൾ വാഡിം ഡി വാർട്ട്-ഹോട്ടാർട്ട് (35) എന്നിവർ കൊല്ലപ്പെടുകയും മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
‘സോവറിൻ സിറ്റിസൺ’ എന്നറിയപ്പെടുന്ന വിഭാഗത്തിൽപ്പെട്ട ഇയാൾ കാട്ടിനുള്ളിൽ അതിജീവനം നടത്താൻ വൈദഗ്ധ്യമുള്ള ആളായിരുന്നു. കൊലപാതകത്തിന് ശേഷം വനമേഖലയിലേക്ക് അപ്രത്യക്ഷനായ ഇയാൾ മരിച്ചിരിക്കാമെന്ന് ഫെബ്രുവരിയിൽ പോലീസ് നിഗമനത്തിലെത്തിയിരുന്നു. എന്നാൽ, പൊതുജനങ്ങളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ വാൽവയിലെ ഒരു ഷിപ്പിംഗ് കണ്ടെയ്നറിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
തന്ത്രപ്രധാന വിഭാഗത്തിലെ ഉദ്യോഗസ്ഥർ കണ്ടെയ്നർ വളയുകയും മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ ഫ്രീമാനെ വെടിവെച്ചു കൊല്ലുകയുമായിരുന്നു. ഇതോടെ മാസങ്ങളോളം വിക്ടോറിയ പോലീസിനെ കുഴപ്പിച്ച പിടികിട്ടാപ്പുള്ളിക്കായുള്ള തിരച്ചിലിന് ഔദ്യോഗികമായി അന്ത്യമായി.

