മാലിന്യ വീപ്പയ്ക്കുള്ളിൽ ഒളിച്ച പ്രതി കുടുങ്ങി; മെൽബണിൽ പോലീസിനെ വെട്ടിച്ച് കടന്നയാളെ ആകാശ നിരീക്ഷണത്തിലൂടെ പിടികൂടി

മെൽബൺ: മെൽബണിന്റെ തെക്കുകിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ പോലീസിനെ വെട്ടിച്ച് കാറോടിച്ചു പാഞ്ഞ നാൽപ്പതുകാരനെ ഒടുവിൽ ഷോപ്പിംഗ് സെന്ററിലെ മാലിന്യ വീപ്പയ്ക്കുള്ളിൽ നിന്ന് പിടികൂടി. മണിക്കൂറു കളോളം നീണ്ട നാടകീയമായ തിരച്ചിലിനൊടുവിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. പോലീസിന്റെ എയർ വിംഗ് വിഭാഗം ആകാശത്തുനിന്ന് പകർത്തിയ ദൃശ്യങ്ങളിൽ പ്രതി മാലിന്യ വീപ്പയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നതും പോലീസ് പിടികൂടുന്നതും വ്യക്തമാണ്.

ഇന്ന് രാവിലെ പത്തു മണിയോടെ മൗണ്ട് എലിസയിലാണ് സംഭവങ്ങളുടെ തുടക്കം. ഒരു ഹോൾഡൻ കൊമ്മഡോർ കാർ അമിതവേഗതയിലും അപകടകരമായ രീതിയിലും ഓടിക്കുന്നത് കണ്ട യാത്രക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഫ്രാങ്ക്സ്റ്റൺ സൗത്തിൽ വെച്ച് പോലീസ് കാർ തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ പാഞ്ഞ പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. തുടർന്ന് പോലീസിന്റെ എയർ വിംഗ് വിഭാഗം ആകാശത്തുനിന്ന് നടത്തിയ നിരീക്ഷണത്തിലാണ് കാർ കരും ഡൗൺസിലെ ഒരു ഷോപ്പിംഗ് സെന്ററിന് സമീപം കണ്ടെത്തിയത്.

ഷോപ്പിംഗ് സെന്ററിലെ സുരക്ഷാ ക്യാമറകളും ആകാശ നിരീക്ഷണവും ഏകോപിപ്പിച്ച് നടത്തിയ തിരച്ചിലിൽ പ്രതി ലോഡിംഗ് ഡെക്കിന് സമീപത്തെ മാലിന്യ വീപ്പയ്ക്കുള്ളിൽ ഒളിച്ചിരിക്കുകയാണെന്ന് പോലീസ് കണ്ടെത്തി.പോലീസ് ഉദ്യോഗസ്ഥർ വീപ്പയുടെ മൂടി തുറന്നപ്പോൾ ഓറഞ്ച് നിറത്തിലുള്ള ഹൈ-വിസ് വസ്ത്രം ധരിച്ച പ്രതി ഉള്ളിൽ ചുരുണ്ടുകൂടി ഇരിക്കുകയായിരുന്നു. പുറത്തിറങ്ങിയ ഇയാളെ ഉദ്യോഗസ്ഥർ വളയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.പ്രതിയായ ഡാൻഡിനോങ് സ്വദേശിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾ ഉപയോഗിച്ച കാർ പോലീസ് കണ്ടുകെട്ടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *