വിക്ടോറിയ: സൂര്യനിലുണ്ടായ അതിശക്തമായ സൗരക്കാറ്റിനെ (Solar Storm) തുടര്‍ന്ന് ഓസ്ട്രേലിയയുടെ തെക്കന്‍ ഭാഗങ്ങളില്‍ ആകാശത്ത് മനോഹരമായ പ്രകാശവിസ്മയം ദൃശ്യമായി. ‘സതേണ്‍ ലൈറ്റ്സ്’ (Southern Lights) എന്നും അറിയപ്പെടുന്ന അറോറ ഓസ്ട്രേലിസ്, സാധാരണയായി കാണാറുള്ളതിനേക്കാള്‍ കൂടുതല്‍ വടക്കന്‍ പ്രദേശങ്ങളിലേക്ക് ഇത്തവണ വ്യാപിച്ചു. സൂര്യനിലുണ്ടായ ‘കൊറോണല്‍ മാസ് ഇജക്ഷന്‍’ (CME) മൂലമുണ്ടായ ഭൗമകാന്തിക കൊടുങ്കാറ്റാണ് (Geomagnetic Storm) ഇതിന് കാരണമായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗരക്കാറ്റുകളില്‍ ഒന്നാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ടാസ്മാനിയക്ക് പുറമെ വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ്, വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ പ്രതിഭാസം വ്യക്തമായി കാണാമായിരുന്നു. സിഡ്‌നി, പെര്‍ത്ത് തുടങ്ങിയ നഗരങ്ങളുടെ പരിസരങ്ങളിലും ഇത് ദൃശ്യമായി.ആകാശത്ത് പച്ച, ചുവപ്പ്, പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലുള്ള പ്രകാശ കിരണങ്ങള്‍ നൃത്തം ചെയ്യുന്നതുപോലെയാണ് അനുഭവപ്പെട്ടത്. രാത്രി വൈകിയും ഉറങ്ങാതെ പതിനായിരക്കണക്കിന് ആളുകളാണ് ഈ അപൂര്‍വ്വ കാഴ്ച കാണാന്‍ വീടിന് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പങ്കുവെച്ച ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. സൂര്യനില്‍ നിന്നുള്ള ചാര്‍ജുള്ള കണികകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുമ്പോഴാണ് ഇത്തരത്തില്‍ പ്രകാശം ഉണ്ടാകുന്നത്.സൂര്യന്‍ അതിന്റെ പ്രവര്‍ത്തനക്ഷമതയുടെ ഉച്ചസ്ഥായിയിലായതിനാല്‍ വരും മാസങ്ങളിലും ഇത്തരം പ്രകാശവിസ്മയങ്ങള്‍ ദൃശ്യമാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

