സമ്മതിദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി ‘സ്വീപ്’ തിരുവനന്തപുരം; ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ അനു കുമാരിയാണ് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ലോഗോ പ്രകാശനം നിർവ്വഹിച്ചത്.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, പ്രത്യേകിച്ചും യുവ വോട്ടർമാരെയും കന്നി വോട്ടർമാരെയും പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. “എന്റെ വോട്ട് എന്റെ അവകാശം” എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ പുതിയ ലോഗോ സഹായിക്കുമെന്ന് കളക്ടർ പറഞ്ഞു.

ജില്ലയുടെ സാംസ്കാരിക പൈതൃകവും ജനാധിപത്യ മൂല്യങ്ങളും ഒത്തുചേരുന്ന രീതിയിലാണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ സ്വീപിന്റെ നേതൃത്വത്തിൽ എൽ.ഇ.ഡി ഡിസ്‌പ്ലേകൾ, തെരുവ് നാടകങ്ങൾ, വോട്ട് വണ്ടി ക്യാമ്പയിനുകൾ എന്നിവ സംഘടിപ്പിക്കുമെന്നും കളക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ വഴി നടത്തും.

ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, സ്വീപ് നോഡൽ ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *