സിഡ്‌നി: സാമൂഹിക സേവന രംഗത്തെയും ആരോഗ്യ മേഖലയിലെയും മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് മലയാളി വിദ്യാർത്ഥി നെവിൻ ജോൺസണെ കാംബെൽടൗൺ സിറ്റി കൗൺസിലിന്റെ ‘യങ് സിറ്റിസൺ ഓഫ് ദി ഇയർ’ (Young Citizen of the Year 2026) ആയി തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയ ഡേ ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
സിഡ്‌നിയിലെ ഗ്ലെൻഫീൽഡിൽ താമസിക്കുന്ന ജോൺസൺ – രേണു ദമ്പതികളുടെ മകനാണ് നെവിൻ. പൊതുജനാരോഗ്യത്തിൽ (Public Health) പ്രത്യേക താല്പര്യമുള്ള മെഡിക്കൽ വിദ്യാർത്ഥിയായ അദ്ദേഹം, സൗത്ത് വെസ്റ്റ് സിഡ്‌നിയിലെ പ്രാദേശിക ആരോഗ്യ വെല്ലുവിളികൾ പരിഹരിക്കുന്നതിനായുള്ള നിരവധി ഗവേഷണങ്ങൾക്കും കമ്മ്യൂണിറ്റി പ്രോജക്റ്റുകൾക്കും നേതൃത്വം നൽകി വരുന്നു.
മെഡിക്കൽ വിദ്യാർത്ഥി സമൂഹത്തിനിടയിൽ ശ്രദ്ധേയനായ നെവിൻ, എൻ.എസ്.ഡബ്ല്യു (NSW) മെഡിക്കൽ സ്റ്റുഡന്റ്‌സ് കൗൺസിലിന്റെ സെക്രട്ടറിയായും ഏഷ്യൻ മെഡിക്കൽ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള നിരവധി ദേശീയ സംഘടനകളിൽ പ്രധാന സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. കൂടാതെ, കാംബെൽടൗൺ യൂത്ത് കൗൺസിലിലെ സജീവ അംഗമെന്ന നിലയിൽ യുവാക്കളുടെ ഉന്നമനത്തിനായുള്ള നയരൂപീകരണത്തിലും അദ്ദേഹം പങ്കാളിയാണ്.
വാട്ടിൽ ഗ്രോവിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ സജീവ അംഗമായ നെവിൻ, പള്ളിയിലെ യുവജന കൂട്ടായ്മകളിലും (MGOCSM) നേതൃപരമായ പങ്ക് വഹിക്കുന്നു. തന്റെ പ്രൊഫഷണൽ പഠനത്തോടൊപ്പം തന്നെ പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള വിന്നീസ് (Vinnies) പോലുള്ള സന്നദ്ധ സംഘടനകളിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
നെവിന്റെ ഗവേഷണ താല്പര്യവും സാമൂഹിക പ്രതിബദ്ധതയും കാംബെൽടൗൺ നഗരത്തിന് വലിയ രീതിയിലുള്ള പോസിറ്റീവ് സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. സിഡ്‌നിയിലെ മലയാളീ സമൂഹത്തിന് വലിയ ആവേശമാണ് നെവിന്റെ ഈ അംഗീകാരം നൽകുന്നത്.

