സിഡ്‌നി: അഞ്ചു ദിവസം മുമ്പ് ഗുര്‍പിന്ദര്‍ എന്ന ഇന്ത്യന്‍ വംശജനു നേരെ വെസ്റ്റ് പരമാറ്റയിലുണ്ടായ ആക്രമണത്തിലെ പ്രതി പോലീസ് പിടിയില്‍. മികല്യ സ്മിത്ത് എന്ന യുവതിയാണ് പോലീസിന്റെ പിടിയിലായത്. അങ്ങേയറ്റം വംശീയ നിന്ദ നിറഞ്ഞ അസഭ്യപദങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ആണ്‍സുഹൃത്തിനൊപ്പമെത്തിയ മികല്യ ഇന്ത്യന്‍ വംശജനായ അറുപത്തഞ്ചുകാരനം ആക്രമിച്ചത്. നെറ്റിയില്‍ ആയുധമുപയോഗിച്ച് പരിക്കേല്‍പിച്ചതിനു ശേഷം ഇവര്‍ രക്ഷപെടുകയായിരുന്നു. അറസ്റ്റിലായ മികല്യയെ ഓണ്‍ലൈനായി പരമാറ്റ ബെയില്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇവരുടെ മാനസിക നില പരിശോധിക്കുന്നതിനായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവായി. വേറെ രണ്ട് ആക്രമണ കേസുകള്‍ കൂടി ഇവരുടെ പേരില്‍ ചുമത്തപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ പൗരനു നേരെ വംശീയ അധിക്ഷേപവും ആക്രമണവുമുണ്ടായതില്‍ എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍ ക്രിസ് മിന്‍സ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ആക്രമണത്തിന് ഇരയായി തീര്‍ന്ന വ്യക്തിക്ക് ഗവണ്‍മെന്റിന്റെ പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. ന്യൂസൗത്ത് വെയില്‍സ് സംസ്ഥാനത്ത് വംശീയാക്രമണത്തിന് യാതൊരു സ്ഥാനവുമുണ്ടായിരിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.

