പര്‍വ്വതാരോഹകനായ ഡോ.മുഹമ്മദ് സഹദ് സാലിഹ് തൊടുപുഴ പെരുമ്പിള്ളിച്ചിറ കിഴേടത്ത് സാലിഹ് സുഹദ ദമ്പതികളുടെ മകനാണ്.സിവില്‍ സര്‍വ്വീസിന് ഒരുങ്ങി കൊണ്ടിരിക്കുന്ന സഹദ്, ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്.പശ്ചിമഘട്ട പര്‍വ്വതാരോഹകനായ ഇദ്ദേഹം 20 ഓളം ട്രെക്കിംഗുകള്‍ നടത്തിയിട്ടുണ്ട് ………………………………………………………………………………………………
പതിവ് പോലെ ‘ചായ് ഛായ് ‘ എന്ന വിളിയില്‍ ഞാന്‍ ഉറക്കമുണര്‍ന്നു.ഖിര്ഖിയ എന്ന റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നു.മൂടല്‍ മഞ്ഞിന്റെ ഇടയിലൂടെ സൂര്യന് പ്രകാശം കുറഞ്ഞ ഗോളമായി കാണാം.ചുറ്റിനും നോക്കിയ ഞാനൊന്ന് ഞെട്ടി.കമ്പാര്‍ട്ട്മെന്റില്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം.എല്ലാവരും രാത്രിയില്‍ തന്നെ ഓരോ സ്ഥലങ്ങളില്‍ ഇറങ്ങിയിരിക്കുന്നു.
ട്രെയിന്‍ വരണ്ട പ്രദേശത്ത് കൂടെ യാത്ര തുടരുന്നു,ഇടക്ക് ചെറുതും വലുതുമായ നദികള്‍, പാതി ഉണങ്ങിയ കാടുകളും,പച്ച പുതച്ച കൃഷി ഇടവും എല്ലാം കാഴ്ചയില്‍ കടന്നു പോകുന്നു.ഇറ്റാര്‍സി നഗരത്തിലൂടെയാണ് യാത്ര,നാസിക്കില്‍ നിന്നും വാങ്ങിയ ആപ്പിളും റോബസ്റ്റ പഴവുമാണ് എന്റെ പ്രഭാത ഭക്ഷണം.ഇത് കഴിച്ചു വേണം ആഗ്ര എത്തും വരെ വിശപ്പടക്കാന്‍.
പുതുമയുള്ള കാഴ്ചകള്‍ ഒന്നും തന്നെയില്ല.വിശാലമായ കൃഷിയിടങ്ങള്‍ കാണാം.ഓറഞ്ചും പരുത്തിയും തുടങ്ങി പേരറിയാത്ത കാര്‍ഷിക വിളകള്‍ കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന കൃഷിയിടങ്ങള്‍.ഇടക്ക് ചെറിയ വരണ്ട വന ഭൂമിയെയും പിന്നിലാക്കി കടന്നു പോകുന്നു ട്രെയിന്‍.ചൂട് കൂടുതലാണ്.വ്യവസായ ശാലകള്‍ ഒക്കെ അങ്ങ് ദൂരേ മാനത്ത് പുക തള്ളുന്ന കാഴ്ചകള്‍.ചെറുതും വലുതുമായ വ്യവസായ ശാലകള്‍ കാണുന്നുണ്ട്.
ഹോഷന്കാ ബാദ് എന്ന സ്ഥലത്ത് എത്തിയിരിക്കുന്നു.ഇവിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡാമുകളുള്ള നര്‍മദ നദിയെ മുറിച്ചു കടന്നുവേണം തലസ്ഥാന നഗരമായ ഭോപ്പാലിലേക്ക് പോകാന്‍.ട്രെയിന്‍ സാവധാനം പാലം കടന്ന് നര്‍മദ നദിക്ക് മുകളിലൂടെ സഞ്ചരിക്കുന്നു.മധ്യപ്രദേശിലെ അമര്‍ഘണ്ടക്ക് പീഠഭൂമിയിലെ മൈക്കല പര്‍വത നിരകളില്‍ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്.1312 കിലോമീറ്റര്‍ നീളത്തില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന ഏറ്റവും വലിയ ഉപദ്വീപീയ നദിയാണ് നര്‍മദ.ഭ്രംശ താഴ്വരകളിലൂടെ ഒഴുകി വിന്ധ്യാ – സത്പുര പര്‍വതങ്ങള്‍ക്കിടയിലൂടെ ഗുജറാത്തില്‍ ഗള്‍ഫ് ഓഫ് കമ്പത്തില്‍ വെച്ച് അറബിക്കടലുമായി ചേരുന്നു.നര്‍മദ പര്‍വതങ്ങള്‍ക്ക് ഇടയിലൂടെ ഒഴുകുന്ന നദി എന്നാണ് അറിയപ്പെടുന്നത്.
ഇന്ത്യയേ വടക്കേ ഇന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും രണ്ടായി തിരിക്കുന്നതും,ഡെക്കാന്‍ – മാള്‍വ പീഠഭൂമിയെ രണ്ടായി വേര്‍തിരിക്കുന്നതും നര്‍മദ തന്നെ.രാജാ സോറസ് നര്‍മദ ദെന്സിസ് എന്ന ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തിയും ഈ നദിക്കരയില്‍. അങ്ങനെ ധാരാളം വിശേഷണങ്ങള്‍ ഉണ്ട് ഇവള്‍ക്ക്.
ഒരു മണിക്കൂര്‍ സമയത്തിന് ശേഷം തലസ്ഥാന നഗരമായ ഭോപ്പാലില്‍ ട്രെയിനെത്തി.സ്കൂളില്‍ പഠിച്ച ഭോപാല്‍ ദുരന്തത്തിന്റെ ഓര്‍മകളാണ് എന്റെ മനസ്സില്‍ ആദ്യം കടന്നു വന്നത്. 1984 ഡിസംബര്‍ മാസം 3-4 തീയതിയില്‍ ആണ് ദുരന്തം സംഭവിച്ചത്.സ്റ്റേറ്റ് ഗവണ്മെന്റ് കണക്ക് പ്രകാരം 3787 ആളുകളാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.ഒരുകാലത്തെ പ്രതാപ നഗരമായിരുന്ന ഭോപാലിന് പഴയ ചന്തം ഇപ്പോളില്ല.തിങ്ങി നിറഞ്ഞ ചേരികള്‍,നിറം മങ്ങിയ കെട്ടിടങ്ങള്‍,പ്രത്യേക ഭംഗിയൊന്നും ഇല്ലാത്ത വാണിജ്യ സ്ഥാപനങ്ങളും നഗര ഭാഗങ്ങളും.. ഭോപ്പാല്‍ ഒരു തിരക്കേറിയ പ്രദേശം തന്നെയാണ്.നഗരത്തെ പിന്നിലാക്കി ട്രെയിന്‍ യാത്ര തുടര്‍ന്നു.
ഭോപ്പാലില്‍ നിന്നും കയറിയ ഭിക്ഷാടനകാര് ചിലര്‍ പാട്ടുകള്‍ പാടി കടന്നു പോകുന്നു. ചിലര്‍ പ്രത്യേക സംഗീത ഉപകരണങ്ങള്‍ കൊണ്ട് മനോഹരമായ ശബ്ദങ്ങള്‍ സമ്മാനിച്ചു പോകുന്നു, മറ്റു ചിലര്‍ കുട്ടികളെ കൊണ്ട് ഭിക്ഷ എടുപ്പിക്കുന്നു അവരുടെ അമ്മ ആകണം ഭിക്ഷാടന സമയത്ത് അനുസരണക്കേട് കാണിച്ചതില്‍ കുട്ടിയുടെ മുഖത്ത് വലിച്ച് അടിക്കുന്നുണ്ട്.എന്റെ ഉള്ളില്‍ വേദനയുണ്ടാകുന്നു ഈ നിമിഷങ്ങള്‍.നമുക്ക് എതിര്‍ത്ത് പറയാന്‍ വാക്കുകളില്ല. വലിയൊരു സംഘമാണ് ഇവര്‍,കയ്യില്‍ ഉണ്ടായ ബിസ്ക്കറ്റ് നല്കി അവനെ ഞാന്‍ യാത്രയാക്കി.ഇങ്ങനെ എത്രയോ പിഞ്ചു ബാല്യങ്ങള്‍ തന്റെ കഴിവും ശേഷിയും തെളിയിക്കാതെ ഇന്ത്യയില്‍ വെറുതെ കൊഴിഞ്ഞു പോകുന്നുണ്ടാകാം.നേര്‍ച്ചയും മറ്റു പിരിവുകളും ആയി മറ്റു ചിലര്‍,സന്യാസിമാര്‍,ട്രാന്‍സ്ജെന്‍ഡേര്‍സ് അങ്ങനെ പോകുന്നു ട്രെയിനിലെ അതിഥികളുടെ നീണ്ട നിര.
യമുനാ നദിയുടെ വലതു കരയില്‍ ചേരുന്ന ഉപദ്വീപിയ നദിയായ ബേതുവാ നദിയാണ് ആദ്യം കടന്നുവരിക.പിന്നീട് ചെറുതും വലുതുമായ ധാരാളം ഉപദ്വിപീയ നദികള്‍ കാണാം. വ്യവസായ ശാലകളുടെ എണ്ണം കൂടി വരുന്നു.പല വലുപ്പത്തില്‍ ഉള്ളവ.ഇടക്ക് പാശ്ചാത്യ രീതിയിലുള്ള കെട്ടിടങ്ങള്‍,വലുതും ചെറുതുമായ സ്ഥാപനങ്ങള്‍,വിദ്യാലയങ്ങള്‍,കണ്ണെത്താ ദൂരത്ത് വ്യാപിച്ചു കിടക്കുന്ന തരിശു നിലങ്ങള്‍ അതിനിടയില്‍ പൊട്ട് പോലെ കെട്ടിടങ്ങള്‍ അങ്ങിങ്ങായി കാണാം.
ഇടക്ക് ഒരു സ്റ്റേഷനില്‍ നിന്നും രാജസ്ഥാനി മാതൃകയില്‍ വസ്ത്രം ധരിച്ച ഒരു സ്ത്രീയെയും അമ്മയെയും ട്രെയിനില്‍ രാജസ്ഥാനിലേക്ക് യാത്രയയക്കുന്നു ഒരു ചെറുപ്പക്കാരന്. അദ്ദേഹത്തിന്റെ ഭാര്യയാണ് ആ യുവതി.ഒരു വയസ്സില്‍ കുറഞ്ഞ ഒരു കുട്ടിയുമുണ്ട് അവര്‍ക്ക് . മുറുക്കി തുപ്പിയതിന് ശേഷം കുട്ടിക്ക് ചുംബനം നല്കി യാത്ര പറയുന്നു അയാള്‍. സന്തോഷം കൊണ്ട് തന്റെ കറ പുരണ്ട പല്ലുകള്‍ മുഴുവന്‍ പുറത്ത് കാണിച്ചാണ് അദ്ദേഹത്തിന്റെ ചിരി. ട്രെയിന്‍ മുന്പോട്ട് നീങ്ങി. രാജസ്ഥാനി കുടുംബം ഭക്ഷണം കഴിക്കാനുള്ള തിരക്കിലാണ്.വെള്ള കടല മസാല ചേര്‍ത്ത് ഉണ്ടാക്കിയ എന്തോ ഒരു വിഭവം. മുഖത്തിന്റെ പാതി തന്റെ സാരി കൊണ്ട് മറച്ചിരുന്ന യുവതി അത് മാറ്റി ഭക്ഷണം കഴിക്കുന്നു. ചുവന്ന നിറമുള്ള സാരിയും ചുവപ്പും കറുപ്പും നിറമുള്ള വളകള്‍ ഇരു കൈകളില്‍ നിറയെ ധരിച്ചിരിക്കുന്നു.സൗന്ദര്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കുന്നയാളാണ് അവരെന്ന് എനിക്ക് മനസ്സിലായി.കുട്ടിയെ അമ്മയുടെ കൈകളില്‍ കൊടുത്തതിന് ശേഷം മൊബൈല്‍ ഫോണില്‍ എന്തൊക്കെയോ വിനോദം കണ്ടെത്തുകയാണ് യുവതി.
പുറത്തെ കാഴ്ചകളിലേക്ക് നീങ്ങി.വീണ്ടും കൃഷി സ്ഥലങ്ങള്‍ കടന്ന് വരുന്നു,വെയിലത്ത് പണിയെടുക്കുന്ന കര്‍ഷകരുടെ കൂട്ടം,സോയാബീന്‍ കൃഷിയാണ് ഇവിടെ.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സോയാബീന്‍ കൃഷി ചെയ്യുന്ന സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ്.ഇന്ത്യയുടെ സോയ സംസ്ഥാനം എന്നും,കടുവ സംസ്ഥാനം എന്നും,ഇന്ത്യയുടെ ഹൃദയംഎന്നൊക്കെ ഈ സംസ്ഥാനം അറിയപ്പെടുന്നു.ഗുഡ്ക നിരോധിച്ച ആദ്യ സംസ്ഥാനം ആണിത്.
മുറുക്കി തുപ്പുന്നു ശീലവും,പാന്‍ മസാല ഉപയോഗവും സ്ത്രീ പുരുഷന്മാര്ക് ഇടയില്‍ ധാരാളമുണ്ട് എന്ന് കാഴ്ചയില്‍ വ്യക്തമാകുന്നു.ട്രെയിനില്‍ ചായയും വെള്ളത്തിനും പകരം പാന്‍ മസാല കച്ചവടക്കാര്‍ ട്രെയിനില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.പലരും വന്നു പോകുന്നു എങ്കിലും ആരുടെയും ഭാഷ എനിക്ക് വ്യക്തമല്ല.ഹിന്ദി,മറാഠി,ഉര്ദുഎന്നിവയാണ് ഇവിടത്തെ പ്രധാന ഭാഷകള്‍.
ഡോ.മുഹമ്മദ് സഹദ് സാലിഹ്
തുടരും…..

