വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക ജയില്‍ ശിക്ഷ നേരിടേണ്ടി വരുമെന്ന് കോടതി

സിഡ്‌നി: ക്ലാസ് എടുക്കേണ്ട സമയത്ത് 17 വയസ്സുകാരനായ വിദ്യാർത്ഥിയുമായി സ്കൂളിൽ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട മുപ്പതുകാരിയായ അധ്യാപിക ജയിൽ ശിക്ഷ നേരിടേണ്ടി വരുമെന്ന് കോടതി. ന്യൂ സൗത്ത് വെയ്ൽസിലെ സ്കൂളിൽ അധ്യാപികയായിരുന്ന മോണിക് എൻഗുയൻ ആണ് പാരമാറ്റ ഡിസ്ട്രിക്റ്റ് കോടതിയിൽ കുറ്റസമ്മതം നടത്തിയത്. 17-നും 18-നും ഇടയിൽ പ്രായമുള്ള, തന്റെ സംരക്ഷണയിലുള്ള വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും ദുരുപയോഗം ലക്ഷ്യമിട്ട് ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ചതായും ഇവർ സമ്മതിച്ചു.

അധ്യാപിക എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്ത എൻഗുയനെ ഉടനടി കസ്റ്റഡിയിലെടുക്കണമെന്ന് പ്രോസിക്യൂട്ടർ സാറാ ബ്യൂമോണ്ട് വാദിച്ചു. മാതാപിതാക്കളും വിദ്യാർത്ഥികളും അധ്യാപകരിൽ അർപ്പിക്കുന്ന വിശ്വാസത്തെ ഇവർ വഞ്ചിച്ചതായും ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടവുശിക്ഷ തന്നെയാണ് അനുയോജ്യമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പഠിപ്പിക്കേണ്ട സമയത്താണ് ഇവർ വിദ്യാർത്ഥിയുമായി ലൈംഗികമായി ബന്ധപ്പെട്ടതെന്ന വസ്തുത കുറ്റത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

എന്നാൽ, എൻഗുയൻ നിലവിൽ മാനസികാരോഗ്യ ചികിത്സയിലാണെന്നും ജയിൽവാസം ഇവരുടെ പുരോഗതിയെ ബാധിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എൻഗുയന്റെ മാനസികനില മെച്ചപ്പെട്ടുവരികയാണെന്നും അതിനാൽ ശിക്ഷാവിധി വരുന്നത് വരെ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാദങ്ങൾ പരിഗണിച്ച ജഡ്ജി ആന്റണി കോൾഫാക്സ്, എൻഗുയന് പൂർണ്ണമായ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും അത് അനിവാര്യമാണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് നിരീക്ഷിച്ചു. മാനസികാരോഗ്യ ചികിത്സ തുടരുന്ന പശ്ചാത്തലത്തിൽ ഇവരെ ഉടൻ തടവിലാക്കണമെന്ന അപേക്ഷ കോടതി നിരസിച്ചു. കോടതി നടപടികൾക്കിടെ വികാരാധീനയായ എൻഗുയൻ, ഉത്തരവ് വന്നതിന് പിന്നാലെ കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. കേസിൽ ശിക്ഷാവിധി പിന്നീട് പുറപ്പെടുവിക്കും.

Leave a Reply

Your email address will not be published. Required fields are marked *