വാഷിങ്ടന്‍: ലോകത്തിലെ വലിയൊരു പങ്ക് വെബ്‌സൈറ്റുകളും ഇന്നലെ മണിക്കൂറുകളോളം തടസപ്പെട്ടു. ക്ലൗഡ്‌ഫെയറിന്റെ ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗപ്പെടുത്തുന്ന വെബ് പോര്‍ട്ടലുകളും സൈറ്റുകളുമാണ് ഡൗണായത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന്റെയടക്കം സേവനങ്ങള്‍ ഇതുമൂലം പൂര്‍ണമായും തടസപ്പെട്ടു. ഡൗണ്‍ ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് ആമസോണ്‍ വെബ് സര്‍വീസസ്, ഓപ്പണ്‍ എഐ, ക്ലൗഡ്ഫ്‌ളെയര്‍ തുടങ്ങിയവയുടെയൊക്കെ സെര്‍വറുകള്‍ തടസത്തെ നേരിട്ടു.
എക്‌സ് തുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സംതിങ് വെന്റ് റോങ്ങ്, ട്രൈ റീലോഡിങ് എന്ന സന്ദേശം മാത്രമായിരുന്നു ലഭിച്ചിരുന്നത്. സൈറ്റുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനു വേണ്ട സേവനങ്ങള്‍ എത്തിക്കുന്ന സര്‍വീസ് പ്ലാറ്റ്‌ഫോമാണ് ക്ലൗഡ് ഫ്‌ളെയറിന്റേത്. ചാറ്റ് ജിപിടിയുടെ സേവനങ്ങളും പൂര്‍ണമായി തടസപ്പെട്ടുവെന്ന് ഓപ്പണ്‍ എഐ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സ്‌പോട്ടിഫൈ, പെര്‍പ്ലക്‌സിറ്റി, ജെമിനൈ, ബൈറ്റ് 365, കാന്‍വ തുടങ്ങി ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ധാരാളമായി ആശ്രയിക്കുന്ന പോര്‍ട്ടലുകളും സേവനം തടസപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

