വയോധികന്റെ കൊലപാതകവും പുകയില വ്യാപാരിയുടെ തട്ടിക്കൊണ്ടുപോകലും; സിഡ്‌നിയെ നടുക്കിയ കുറ്റകൃത്യങ്ങളിൽ കൗമാരക്കാരന് ജാമ്യം നിഷേധിച്ചു

സിഡ്‌നി: സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ പുകയില വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച കേസിൽ അറസ്റ്റിലായ 16-കാരന് കോടതി ജാമ്യം നിഷേധിച്ചു. മൗണ്ട് പ്രിച്ചാർഡിലെ കടയ്ക്ക് മുന്നിൽ വെച്ച് 53-കാരനായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് കൗമാരക്കാരനെ പോലീസ് പിടികൂടിയത്. സറെ ഹിൽസ് ചിൽഡ്രൻസ് കോടതിയിൽ ഹാജരാക്കിയ ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, തോക്ക് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വ്യാപാരിയെ ആക്രമിച്ച ശേഷം 25 കിലോമീറ്റർ അകലെയുള്ള ഡ്യുറലിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയത്. 48 മണിക്കൂറോളം ബന്ദിയാക്കി വെച്ച ഇയാളെ വ്യാഴാഴ്ച പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് രക്ഷപ്പെടുത്തിയത്. ഇലക്ട്രിക്കൽ വയറുകളും മാരകായുധങ്ങളും ഉപയോഗിച്ച് വ്യാപാരിയെ ക്രൂരമായി മർദ്ദിച്ചതായും പണം ആവശ്യപ്പെട്ട് കുടുംബത്തിന് ഭീഷണി സന്ദേശങ്ങൾ അയച്ചതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.

വ്യാപാരിയെ തടങ്കലിൽ പാർപ്പിച്ച ഡ്യുറൽ പ്രദേശം കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരു ക്രൂരമായ കൊലപാതകത്തിലൂടെയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 85-കാരനായ ക്രിസ് ബാഗ്‌സേറിയൻ എന്ന വയോധികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണവും ഇതേ മേഖല കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഫെബ്രുവരി 14-ന് കൊല്ലപ്പെട്ട ബാഗ്‌സേറിയന്റെ മൃതദേഹം പിറ്റ് ടൗണിലെ കുറ്റിക്കാട്ടിലാണ് കണ്ടെത്തിയത്. ഈ കേസിൽ ജെറാർഡ് ആന്റണി ആൻഡ്രൂസ് (29), ഡാനിയൽ സ്റ്റീവൻസ് (24) എന്നിവർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

ആളെ മാറി തട്ടിക്കൊണ്ടുപോയതാണ് ബാഗ്‌സേറിയന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അധോലോക ബന്ധമുള്ള വ്യവസായി ദിമിത്രി സ്റ്റെപ്പന്യന്റെ ബന്ധുവിനെ ലക്ഷ്യമിട്ടെത്തിയ സംഘം അതേ തെരുവിൽ താമസിച്ചിരുന്ന പാവപ്പെട്ട വയോധികനെ അബദ്ധത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത തന്റെ മുത്തച്ഛന് ഇത്തരമൊരു ദുരന്തം സംഭവിച്ചത് ഒരു പേക്കിനാവ് പോലെയാണെന്ന് ബാഗ്‌സേറിയന്റെ കുടുംബം പ്രതികരിച്ചു. രണ്ട് കേസുകളിലുമായി കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *