ചരിത്രമെഴുതി തെംബ ബാവുമ, ഒരു മത്സരം പോലും തോല്‍ക്കാതെ അതിവേഗം പത്തു ടെസ്റ്റുകള്‍ ജയിക്കുന്ന ക്യാപ്റ്റന്‍

കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ വിജയം കൈപ്പിടിയിലൊതുക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമയ്ക്ക് അഭിമാനിക്കാനേറെ. പതിനഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. വെറും 124 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 93 റണ്‍സില്‍ എറിഞ്ഞു വീഴ്ത്തി 30 റണ്‍സിന്റെ വിജയമാണ് ബാവുമയുടെ ടീം നേടിയത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 2012 നു ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോല്‍ക്കുന്നത്. ആ തോല്‍വിയാകട്ടെ ഇന്ത്യയുടെ ഈ നൂറ്റാണ്ടിലെ ഏറ്റവും നാണംകെട്ട തോല്‍വിയുമായി മാറി. ഇന്നുവരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയ്ക്കു ചേസ് ചെയ്യാന്‍ കഴിയാതെ പോയ ഏറ്റവും ചെറിയ രണ്ടാമത്തെ വിജയലക്ഷ്യവുമായിരുന്നു ഇന്നലത്തേത്. 1997ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 120 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിക്കാന്‍ കഴിയാതെ പോയതാണ് ഇതിനു മുമ്പുള്ളതും ഇതിലും വലുതുമായ തോല്‍വി.

നായകന്‍ തെംബ ബാവുമയുടെ അപരാജിത ചെറുത്തു നില്‍പാണ് ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്‌സില്‍ പൊരുതാനുള്ള സ്‌കോറിലെത്തിക്കുന്നത്. 136 പന്തില്‍ നിന്ന് 55 റണ്‍സെടുത്താണ് ബാവുമ തന്റെ ടീമിന്റെ സ്‌കോര്‍ 123 ലെത്തിച്ചത്. അവസാനം വരെ പുറത്താകാതെ നില്‍ക്കുകയും ചെയ്തു. ബാവുമയ്ക്കു കീഴില്‍ ദക്ഷിണാഫ്രിക്ക കളിച്ച അവസാന പതിനൊന്നു ടെസ്റ്റുകളില്‍ ഒന്നില്‍ പോലും തോല്‍വി അറിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ജയം ഉള്‍പ്പെടെയാണിത്. ഇതോടെ ഒരു മത്സരം പോലും തോല്‍ക്കാതെ അതിവേഗം പത്തു ടെസ്റ്റുകള്‍ ജയിക്കുന്ന താരം എന്ന ചരിത്ര നേട്ടവും ബാവുമ സ്വന്തമാക്കി.

ഈ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. യഥാക്രമം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *