യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷം;അമേരിക്ക ആക്രമിച്ചാല്‍ സകല ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാന്‍

വാഷിംഗ്ടണ്‍: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളില്‍ യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായിരിക്കുകയാണ്.പ്രമുഖ വിദേശ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.ഇതിനിടെ, പസഫിക് സമുദ്രമേഖലയിലുണ്ടായിരുന്ന യുഎസ്എസ് ഏബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലും മറ്റ് മൂന്ന് യുഎസ് യുദ്ധക്കപ്പലുകളും പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുകയാണ്. ജനുവരി 20-ഓടെ ഈ കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രമേഖലയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ തങ്ങളുടെ കൈവശമുള്ള മുഴുവന്‍ കരുത്തുമുപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി.ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധം ഭയാനകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇറാനിലെ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. തന്റെ ജീവനുനേരെ എന്തെങ്കിലും ഭീഷണിയുണ്ടായാല്‍ ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കാരണം ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഇതിനകം ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മേഖലയിലെ സമാധാനത്തിന് വിഘാതമാകുന്ന രീതിയില്‍ ഇരുരാജ്യങ്ങളും പരസ്പരം താക്കീതുകള്‍ നല്‍കുന്നത് തുടരുകയാണ്. ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *