വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഭൂമിക്കടിയിലെ ബങ്കറുകളും ആണവനിലയങ്ങളും തകർക്കാൻ ശേഷിയുള്ള അത്യാധുനിക ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ വൻതോതിൽ സംഭരിക്കാൻ അമേരിക്കൻ വ്യോമസേന തീരുമാനിച്ചു. ഇതിനായി പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗുമായി യുഎസ് കരാർ ഒപ്പിട്ടു.
ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നായ ‘മാസീവ് ഓർഡനൻസ് പെനട്രേറ്റർ’ (MOP) അഥവാ ജി.ബി.യു-57 എന്ന ഭീമൻ ബോംബാണ് അമേരിക്ക വാങ്ങുന്നത്. ഏകദേശം 13,000 കിലോഗ്രാമിലധികം ഭാരമുള്ള ഈ ഗൈഡഡ് ബോംബ് ഭൂമിക്കടിയിൽ 200 അടി ആഴത്തിൽ വരെ തുളച്ചുകയറി സ്ഫോടനം നടത്താൻ ശേഷിയുള്ളതാണ്. ഇറാന്റെ ഫോർഡോ (Fordow) ആണവ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ് പോലുള്ള ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന സുരക്ഷിത താവളങ്ങളെ തകർക്കുക എന്നതാണ് ഈ ആയുധത്തിന്റെ പ്രധാന ലക്ഷ്യം.
100 ദശലക്ഷം ഡോളറിലധികം (ഏകദേശം 830 കോടി രൂപ) മൂല്യമുള്ളതാണ് ബോയിംഗുമായുള്ള ഈ കരാർ. 2028 ജനുവരി മുതൽ ബോംബുകൾ യുഎസ് വ്യോമസേനയ്ക്ക് കൈമാറി തുടങ്ങും.
സമാധാന ചർച്ചകൾക്കായി ഒരുവശത്ത് ശ്രമങ്ങൾ നടക്കുമ്പോഴും, മറുവശത്ത് മാരകമായ ആയുധങ്ങൾ സംഭരിക്കാനുള്ള അമേരിക്കയുടെ നീക്കം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തുന്നുണ്ട്. ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്കുള്ള കടുത്ത മുന്നറിയിപ്പായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ സൈനിക നീക്കത്തെ കാണുന്നത്.

