ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വീണ്ടും ഭീകരാക്രമണം. ഷെഹ്സാദ് ടൗൺ പ്രദേശത്തെ ഷിയാ കേന്ദ്രത്തിലുണ്ടായ ശക്തമായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 170-ഓളം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഷിയാ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെങ്കിലും, തക്കം പാർത്ത് അയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ഫോടന സമയത്ത് നൂറുകണക്കിന് ആളുകളാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും സമീപപ്രദേശങ്ങളിൽ പരിഭ്രാന്തി പടരുകയും ചെയ്തു.
സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റവരെ ഇസ്ലാമാബാദിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല.

