ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യയില്‍ ടെസ്‌ലക്ക് പ്രതീക്ഷിച്ച ലെവലിലുള്ള സ്വീകരണമായിരുന്നില്ല ലഭിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച കമ്പനി തങ്ങളുടെ ജനപ്രിയ മോഡലായ ‘മോഡല്‍ Y’ (Tesla Model Y) എസ്‌യുവി വിറ്റഴിക്കാന്‍ പാടുപെടുകയാണ്. ലോകപ്രശസ്ത ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല (Tesla) കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്.
ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഏകദേശം 300 മോഡല്‍ Y എസ്‌യുവികളാണ് ടെസ്ല ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. എന്നാല്‍ നാല് മാസത്തിന് ശേഷവും ഇതില്‍ നൂറോളം കാറുകള്‍ക്ക് ഇനിയും ഉടമകളെ കണ്ടെത്താനായിട്ടില്ല. ആദ്യഘട്ടത്തില്‍ വാഹനം ബുക്ക് ചെയ്ത പലരും പിന്നീട് ഡെലിവറി എടുക്കാന്‍ തയാറാകാത്തതും മറ്റ് മോഡലുകളിലേക്ക് മാറിയതും ടെസ്ലയ്ക്ക് തിരിച്ചടിയായി.
വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് ക്ലിയര്‍ ചെയ്യാനാണ് കമ്പനി ഇപ്പോള്‍ ചില മോഡല്‍ Y സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് വേരിയന്റുകള്‍ക്ക് 2,00,000 രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുന്നത്. ഈ ഓഫര്‍ ഔദ്യോഗികമല്ലെന്നും ടെസ്റ്റ് ഡ്രൈവ് എടുക്കുന്നവരിലും മുന്‍കൂട്ടി താല്‍പര്യം പ്രകടിപ്പിച്ചവരിലും തിരഞ്ഞെടുത്ത കസ്റ്റമേഴ്‌സിന് മാത്രമാണ് ഈ ഇളവ് നല്‍കുന്നതെന്നുമാണ് സൂചന. നിലവില്‍ ഇതേക്കുറിച്ച് ടെസ്ല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇലക്ട്രിക് വാഹന വില്‍പനയില്‍ ചൈനീസ് കമ്പനിയായ ബിവൈഡി (BYD) ഇപ്പോള്‍ ടെസ്ലയെ പിന്നിലാക്കി മുന്നിലെത്തിയിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും സബ്സിഡികള്‍ കുറഞ്ഞതും മത്സരം കടുത്തതും ടെസ്ലയുടെ വിപണി വിഹിതം കുറയുന്നതിന് കാരണമായി. ടെസ്ല ബുദ്ധിമുട്ടുമ്പോള്‍ മറ്റ് പ്രീമിയം ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ മികച്ച വളര്‍ച്ചയാണ് കൈവരിക്കുന്നത്. 2025-ല്‍ ബിഎംഡബ്ല്യു (BMW) ഇന്ത്യയുടെ വില്‍പന 200 ശതമാനം വര്‍ധിച്ച് 3,700 യൂണിറ്റിലെത്തി.
വെറും നാല് മാസം കൊണ്ട് 1000 യൂണിറ്റിലധികം യൂണിറ്റ് വില്‍പ്പനയുമായി വിയറ്റ്‌നാമീസ് ബ്രാന്‍ഡ് ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇവി ബ്രാന്‍ഡ് ആയി. ടാറ്റ, എംജി, മഹീന്ദ്ര എന്നിവര്‍ മാത്രമാണ് കമ്പനിയുടെ മുന്നിലുള്ളത്. ഹ്യുണ്ടായി, കിയ എന്നീ പ്രമുഖര്‍ അടക്കം വിന്‍ഫാസ്റ്റിന്റെ കുതിപ്പില്‍ പിന്നിലായി. വിന്‍ഫാസ്റ്റിന് സമാനമായി രാജ്യത്ത് പ്രാദേശിക ഉത്പാദനം ആരംഭിക്കുകയും കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുകയും ചെയ്താല്‍ ടെസ്‌ലക്ക് പിടിച്ചു കയറാം.
ഇന്ത്യയില്‍ ഏകദേശം 58 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെയാണ് (70,000 ഡോളര്‍) ടെസ്ല മോഡല്‍ Y എസ്‌യുവിയുടെ വില. ഫോറിന്‍ കാറുകള്‍ക്ക് ഇന്ത്യയില്‍ സര്‍ക്കാര്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് കാരണം അമേരിക്കയില്‍ വില്‍ക്കുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ഈ മോഡലിന് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്നത്. 110 ശതമാനം വരെ ഉയര്‍ന്ന നികുതിയാണ് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ചുമത്തുന്നത്.

